X

വാഹനം കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി ഗതാഗത കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വാഹനങ്ങള്‍ ഏത് ആര്‍.ടി ഓഫിസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതരത്തില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കി. വാഹന ഉടമയുടെ മേല്‍വിലാസമുള്ള ആര്‍.ടി.ഒ പരിധിയില്‍ തന്നെ റജിസ്‌ട്രേഷന്‍ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസര്‍കോട് ഉള്ളയാള്‍ക്ക് തിരുവനന്തപുരത്ത ആര്‍.ടി ഓഫിസില്‍ വേണമെങ്കിലും വാഹനം റജിസ്റ്റര്‍ ചെയ്യാം. നേരത്തെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍.ടി.ഒ പരിധിയില്‍ മാത്രമേ മുന്‍പ് വാഹന രജിസ്‌ട്രേഷന്‍ സാധ്യമായിരുന്നുള്ളൂ

എന്നാല്‍ ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആര്‍.ടി.ഒ പരിധിയിലും വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണറുടെ നിര്‍ദേശം. സ്ഥിരം മേല്‍വിലാസം ഇല്ലാത്ത ജില്ലയിലും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തേയും സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുവെച്ചിരുന്നു. ജോലിക്കായി എത്തിയവരാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാ സം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമായിരുന്നു രജിസ്‌ട്രേഷന് അനുമതി. ഇത് മാറുന്നതോടെ ടാക്‌സ് മുടക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി ഓഫീസിനായിരിക്കും ഉത്തരവാദിത്തം.

അതേസമയം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലെ രജിസ്‌ട്രേഷന്‍ കോഡുകളായ കെ.എല്‍ 1, കെ.എല്‍ 7, കെ.എല്‍ 11 ഉള്‍പെടെയുള്ള നമ്പറു കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാകുമെന്നതും മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ച് വെല്ലുവിളിയായേക്കും.

 

 

webdesk17: