കോഴിക്കോട് : പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ ചിങ്ങം ഒന്നിന് (ആഗ്സ്ത് 17ന്) സംസ്ഥാന വ്യാപകമായി പച്ചക്കറിയില്ലാത്ത സാമ്പാർ വെച്ചു വിളമ്പി പ്രതിഷേധം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു. ഇന്നലെ ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം പഞ്ചായത്ത് തലങ്ങളിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഓണം അടുത്തുവന്നിട്ട് പോലും വില വർദ്ധന തടയുന്നതിൽ സർക്കാർ പൂർണ്ണ പരാജമായിരിക്കുകയാണെന്ന് ഫിറോസ് തുടർന്നു. സപ്ലെകോയിൽ അവശ്യസാധനങ്ങൾക്ക് തീവിലയെന്ന് മാത്രമല്ല ഭൂരിഭാഗം സാധനങ്ങളും ലഭ്യമാകാത്ത അവസ്ഥയുമാണുള്ളത്. ഓണം അരികിലെത്തിയിട്ടും വിലക്കയറ്റത്ത തടഞ്ഞ് നിർത്താനുള്ള യാതൊരു നടപടിയും സർക്കാർ ഇത് വരെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് തലങ്ങളിൽ വേറിട്ട ഒരു സമരപരിപാടിക്ക് യൂത്ത് ലീഗ് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധം വൻ വിജയമാക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു.