ഷാജഹാന്‍ കാരുവള്ളി
കൊച്ചി
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിയുടെയും മാങ്ങയുടേയും വില സെഞ്ച്വറി കഴിഞ്ഞപ്പോള്‍ മുരിങ്ങക്കായുടെ വിലയാകട്ടെ ഡബിള്‍ സെഞ്ച്വറി അടിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പ് കൊച്ചിയിലെ റീട്ടയില്‍ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിയുടെ വില 80 രൂപയായിരുന്നിടത്താണ് ഇപ്പോള്‍ 120ല്‍ എത്തി നില്‍ക്കുന്നത്. നേരത്തെ 100 രൂപ വരെ വന്ന ശേഷം വീണ്ടും കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റയടിക്ക് 40 രൂപയാണ് കൂടിയിരിക്കുന്നത്. മാങ്ങയുടെ വില ഒരാഴ്ച മുമ്പ് 40 രൂപയായിരുന്നിടത്താണ് നാലിരട്ടി കൂടി 160 രൂപയില്‍ എത്തി നില്‍ക്കുന്നത്. മുരിങ്ങക്കായക്ക് ഒരാഴ്ച മുമ്പ് 40 രൂപയായിരുന്നത് ഇപ്പോള്‍ അഞ്ചിരട്ടി കൂടി 200 രൂപയിലാണ് എത്തി നില്‍ക്കുന്നത്. അച്ചിങ്ങയുടെ വിലയാകട്ടെ 40 രൂപയായിരുന്നത് ഇപ്പോള്‍ 80 രൂപയായും ബീന്‍സിന്റെ വില 60 രൂപയില്‍ നിന്ന് 100 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. ക്യാരറ്റിന്റെ വില 40 രൂപയില്‍ നിന്ന് 60 രൂപയായും വെണ്ടക്കയുടെ വില 30ല്‍ നിന്ന് 60 ആയും അമര പയറിന്റെ വില 40ല്‍ നിന്ന് 60 ആയും വര്‍ധിച്ചപ്പോള്‍ 30 രൂപയില്‍ സ്റ്റഡിയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ക്യാരറ്റിന് 40 രൂപയായിരുന്നത് 60 രൂപയായും സവാളയുടെ വില 25ല്‍ നിന്ന് 40 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. ബീറ്റ്‌റൂട്ടുകള്‍ രണ്ട് വിധത്തിലുണ്ട്. ഒരിനത്തിന് 40 രൂപയൂം രണ്ടാമത്തേതിന് 30 രൂപയുമായിരുന്നത് യഥാക്രമം 60ഉം 40ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. കുക്കുമ്പര്‍ 15 രൂപയുണ്ടായിരുന്നത് 40 രൂപയായും ചെറിയ ഇനത്തിന് 30 രൂപയുണ്ടായിരുന്നത് 54 രൂപയായും വര്‍ധിച്ചിരിക്കുന്നു. തമിഴ് നാട്ടില്‍ മഴ കനത്തതാണ് പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടേയും വില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് തീര്‍ക്കാനും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇടതു സര്‍ക്കാരിന് സമയമില്ലെന്നുമാണ് പൊതുജനങ്ങളുടെ ആക്ഷേപം.
പച്ചക്കറി വില കുതിക്കുന്നു
Tags: vegetable