X

പച്ചക്കറി ദാതാക്കള്‍ക്ക് കുടിശ്ശിക നല്‍കാതെ കൃഷി വകുപ്പ്

 

മുക്കം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നതിനും പരമാവധി വില ലഭ്യമാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പില്‍ നല്‍കിയ വിളകള്‍ക്ക് നീണ്ട കാലത്തെ കുടിശ്ശിക. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാകാത്തതിനാല്‍ ദുരിതത്തിലാണ്ടാണ് കഴിയുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു. കൃഷി വകുപ്പിന്റെ കീഴിലുള്ള വേങ്ങേരി പച്ചക്കറി മാര്‍ക്കറ്റിലാണ് ജില്ലയിലെ ഒട്ടുമിക്ക കര്‍ഷകരും ഉല്‍പ്പന്നങ്ങള്‍ നല്‍കിയിരുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉടന്‍ തന്നെ വില ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാണ് വില ലഭിക്കുന്നതെന്ന് ഹരിതസംഘം കണ്‍വീനര്‍ അടുക്കത്തില്‍ മുഹമ്മദ് ഹാജി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെയുള്ള പല കര്‍ഷകര്‍ക്കും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്. ബാങ്ക് ലോണെടുത്തും പലിശക്ക് പണം കടമെടുത്തുമാണ് പല കര്‍ഷകരും കൃഷിയിറക്കിയത്. നേരത്തെ സംഭരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ വില നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ കര്‍ഷകരുടെ എക്കൗണ്ട് നമ്പര്‍ വാങ്ങി ഈ എക്കൗണ്ടിലേക്ക് പണം നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ എക്കൗണ്ട് നമ്പര്‍ വാങ്ങിപ്പോയതല്ലാതെ പണം മാത്രം ലഭിച്ചില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വേങ്ങേരിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയും നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. കൃഷി വകുപ്പിലെ അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പില്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലുമായിരുന്നു.എന്നാല്‍ എല്ലാം തകിടം മറിക്കുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പണം ലഭിക്കാന്‍ താമസം വന്നതോടെ പല കര്‍ഷകരും ഹോര്‍ട്ടികോര്‍പ്പിന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതോടെ വേങ്ങേരിയിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവക്ക് ക്ഷാമം അനുഭവപ്പെടും . ഹോര്‍ട്ടികോര്‍പ്പ് വഴി വില്‍പ്പന കുറഞ്ഞാല്‍ പൊതുമാര്‍ക്കറ്റില്‍ വില വര്‍ധിക്കുന്നതിനും കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാല്‍ സംസ്ഥാന തലത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പൊതുവിപണിയിലെ ഇടനിലക്കാരുമായി ഒത്തുകളിച്ച് മനപൂര്‍വം പണം നല്‍കല്‍ വൈകിപ്പിക്കുകയാണന്നും ആക്ഷേപമുണ്ട്. ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാക്കാന്‍ നടപടിയാവശ്യപ്പെട്ട് നോര്‍ത്ത് കാരശേരിഹരിതസംഘം പ്രസിഡന്റ് അടുക്കത്തില്‍ മുഹമ്മദ് ഹാജി കൃഷി വകുപ്പ് മന്ത്രിക്കും ജോര്‍ജ് എം തോമസ് എം.എല്‍.എ ക്കും പരാതിയും നല്‍കിയിട്ടുണ്ട്.

chandrika: