ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ അപ്രതീക്ഷിത ‘വെടിക്കെട്ടി’ല്‍ അമ്പരന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍. ബി.ജെ.പി നിലപാടുകളോട് അടുപ്പം പുലര്‍ത്തിപ്പോന്ന സെവാഗ് പൊടുന്നനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനിരുദ്ധ് ചൗധരിയെ പിന്തുണച്ച് രംഗത്തുവന്നതാണ് ബി.ജെ.പിക്ക് പ്രഹരമായത്. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അടുത്ത സുഹൃത്തായ ചൗധരിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍നിന്നുള്ള ചിത്രങ്ങളും വോട്ടഭ്യര്‍ഥിച്ചുള്ള പ്രചാരണങ്ങളുമൊക്കെയാണ് സെവാഗ് സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയാക്കിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ അപ്രതീക്ഷിത നീക്കം നെറ്റിസണ്‍സിനെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പി അനുകൂലികളില്‍ പലരും നിശിത വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ബി.ജെ.പി സെവാഗിനെ ക്ഷണിച്ചിരുന്നു. രാജ്യത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരം അന്ന് ആ ഓഫര്‍ നിരസിക്കുകയായിരുന്നു. പിന്നീട് ബി.ജെ.പി നിലപാടുകളെ പരസ്യമായി പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്ന സെവാഗിനെ ബി.ജെ.പി അനുകൂലിയായാണ് എല്ലാവരും കണക്കാക്കിയിരുന്നതും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് സ്റ്റോറി പോസ്റ്റ് ചെയ്ത് സെവാഗ് രംഗത്തെത്തിയത് ബി.ജെ.പി വിരുദ്ധര്‍ ആഘോഷമാക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുന്‍ ട്രഷറര്‍ കൂടിയായ അനിരുദ്ധ് ചൗധരി മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ പേരമകനാണ്. അനിരുദ്ധിന്റെ പിതൃസഹോദര പുത്രിയായ ശ്രുതിയെയാണ് തോഷാം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ എതിരാളിയായി ബി.ജെ.പി മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് സെവാഗ് ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് ഡിലീറ്റ് ചെയ്തു. ലോക്‌സഭയില്‍ ബി.?ജെ.പി 240 സീറ്റില്‍ ഒതുങ്ങിയതിന്റെ ഫലമാണിതെന്നും നട്ടെല്ല് പതിയെ തിരിച്ചുവരുന്നുവെന്നും റോഷന്‍ റായ് എന്നയാള്‍ എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് സെവാഗ് സ്റ്റോറി ഇട്ടത് നിരവധി പേരാണ് എക്‌സില്‍ പങ്കുവെച്ചത്. നേരത്തേ, പൊതുമേഖലാ ബാങ്കുകളുടെ കരുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു നരേന്ദ്ര മോദിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സെവാഗ് എതിരഭിപ്രായം ഉന്നയിച്ചത്. വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.