മലയാളത്തില്‍ 100 കോടി കളക്ട് ചെയ്യുന്ന ആദ്യ ചിത്രമാവുമെന്ന് സംവിധായകന്‍ ജയരാജ് അവകാശപ്പെട്ട ‘വീരം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസിലൂടെയാണ് റിലീസ് ചെയ്യുന്നത്. വിഖ്യാത ഷേക്ക്‌സ്പിയര്‍ നാടകമായ മാക്ബത്ത് അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ജയരാജിന്റെ ‘നവരസം’ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. വടക്കന്‍ പാട്ടുകളിലെ ചന്തു ചേകവരുടെ കഥയും മാക്ബത്തിലെ കഥയും സംയോജിപ്പിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. ചന്ദ്രകല ആര്‍ട്‌സ് 35 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഗ്രാഫിക്‌സിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് സംവിധായകന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ‘പുലിമുരുകനേ’ക്കാള്‍ മികച്ച ഗ്രാഫിക്‌സ് ആയിരിക്കും ചിത്രത്തിലേതെന്ന ജയരാജിന്റെ അവകാശവാദം വിവാദത്തിനിടയാവുകയും ചെയ്തു. സെപ്തംബര്‍ 2ന് ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഒരു മിനുട്ട് 22 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോ ഇതിനകം ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്. ഇന്ത്യന്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ 13-ാം സ്ഥാനത്തെത്തിയ വീരം ട്രെയ്‌ലര്‍ നിര്‍മാതാക്കളായ എല്‍.ജെ ഫിലിംസിന്റെ ഒഫീഷ്യല്‍ ചാനലില്‍ നിന്നു മാത്രം ഒന്നര ലക്ഷത്തിലധിമാളുകള്‍ കണ്ടുകഴിഞ്ഞു.