X

വീണാ വിജയന്റെ എക്‌സാലോജിക് അടച്ചുപൂട്ടിയത് ചട്ടങ്ങള്‍ പാലിക്കാതെ; മുന്‍പും കമ്പനിക്കെതിരെ നടപടിയുണ്ടായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റകാര്യ മന്ത്രാലയം മുന്‍പും നടപടിയെടുത്തതിന്റെ വിവരങ്ങള്‍ പുറത്ത്. ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു ഈ നടപടി. എക്‌സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതമാണ് അന്ന് പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള്‍ തന്നെയാണ് എക്‌സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതിരുന്നടക്കമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് എക്‌സാലോജിക് കമ്പനി അടച്ചുപൂട്ടിയത്. ഇത് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് 2 ലക്ഷം രൂപ പിഴ ചുമത്തിയത്.

2019-2020ല്‍ കമ്പനി 17 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നെന്നും 2020ല്‍ കമ്പനി അടച്ചുപൂട്ടുന്നത് വരെ 7 ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നെന്നുമാണ് അന്ന് എക്‌സാലോജിക് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ 2 ലക്ഷം രൂപ പിഴത്തുക അടച്ചോ എന്നതില്‍ വ്യക്തതയില്ല.

കൊവിഡ് സമയത്ത് അടച്ചുപൂട്ടുകയായിരുന്നെന്നാണ് എക്‌സാലോജിക് അറിയിക്കുന്നത്. എന്നാല്‍ കൊവിഡ് സമയത്ത് ഐടി കമ്പനികള്‍ക്ക് വര്‍ക്കം അറ്റ് ഹോം അടക്കം ഇളവ് സംവിധാനങ്ങള്‍ അനുവദനീയമായിരുന്നു. എന്നിട്ടും കമ്പനി അടച്ചുപൂട്ടുകയും ചട്ടം പാലിക്കുകയും ചെയ്തിരുന്നില്ല.

എക്‌സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം അവഗണിക്കാനാണ് സിപിഎം തീരുമാനമെങ്കിലും വിഷയം സജീവ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷ നീക്കം. നേരത്തെയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പുതിയ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.

എന്നാല്‍ സിപിഎമ്മും ബി.ജെ.പിയും മുന്‍ധാരണ പ്രകാരം നാടകം കളിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. കേരളത്തില്‍ സിപിഎമ്മുമായി അന്തര്‍ധാരയുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് എക്‌സാലോജിക്കിനെതിരെയുള്ള കേസെന്ന് കെ മുരളീധരന്‍ ആരോപിച്ചു. കേരളത്തില്‍ സീറ്റ് നേടാന്‍ ബിജെപി എന്ത് കളിയും കളിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.

 

webdesk13: