X
    Categories: keralaNews

വീണാ ജോര്‍ജിനെതിരെ സി.പി.എമ്മിനുള്ളിലും ഇടതുമുന്നണിയിലും എതിര്‍ശബ്ദങ്ങള്‍

കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പരിചയക്കുറവുണ്ടായിരുന്നുവെന്ന മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും രോഷം.  അനാവശ്യമായി ഒരു വിവാദത്തിന് മന്ത്രി ഇടവരുത്തിയെന്നാണ് മുന്നണിയിലെ പൊതുവികാരം. സി.പി.ഐക്കാകട്ടെ ഒട്ടും താല്‍പര്യമില്ലാത്ത മന്ത്രിയാണ് വീണ. നേരത്തേ വീണ ജോര്‍ജിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എല്‍.എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ തുറന്നടിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണം.
വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ തുറന്നടിച്ചിരുന്നു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണയായും വിട്ടുനിന്ന് തിരിച്ചടിക്കുകയാണ് ചിറ്റയം ഗോപകുമാര്‍ ചെയ്തത്.

ആരോഗ്യമന്ത്രി എന്ന നിലയില്‍ വീണ ജോര്‍ജ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് നവമാധ്യമങ്ങള്‍ വ്യാപകമായി വിമര്‍ശിക്കുന്നതാണ് കണ്ടത്. രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ട മന്ത്രിയാണത്രേ വീണാ ജോര്‍ജ്. മാത്രമല്ല തന്റെ വകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ എന്നാല്‍, തത്വത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഭരിക്കുന്ന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ തന്നെയാണ്. തന്റെ വകുപ്പില്‍ പ്രധാന തസ്തിയില്‍ ഇരിക്കുന്ന ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രതികരണമല്ല വീണാ ജോര്‍ജില്‍ നിന്നുണ്ടായത് എന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളും പറയുന്നത്.
അതേസമയം ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വീണാ ജോര്‍ജ് രംഗത്തെത്തി. അതീവ ദു:ഖകരമായ വേളയില്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Chandrika Web: