X

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ; സർക്കാർ ധനസ്ഥിതി പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ ധനസ്ഥിതി പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.എല്ലാ വസ്തുക്കൾക്കും തീ വിലയാണ്. സംസ്ഥാനത്ത് പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂടി. നെൽ കർഷകർക്ക് ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം നൽകിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി വരുമാനം വർധിപ്പിക്കാനുളള ഇടപെടൽ ഉണ്ടാകുന്നില്ല. വാറ്റിന് ശേഷം ജിഎസ്ടി വന്നപ്പോൾ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിച്ചെങ്കിലും കേരളത്തിൽ ഇത് പാതി വഴിയിലാണ്. ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടം നികുതിവെട്ടിച്ച് നടക്കുമ്പോൾ ധനവകുപ്പ് നോക്കുകുത്തിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സപ്ലൈകോയിൽ ടെൻഡർ നടപടികൾ പോലും നിലച്ചിരിക്കുന്നു. സപ്ലൈകോയ്ക്ക് ഓണത്തിന് സാധനങ്ങൾ വിതരണം ചെയ്യാൻ പറ്റുമെന്ന് ഉറപ്പില്ല. രൂക്ഷമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത്. ജീവിതം ദുരിത പൂർണ്ണമായിരിക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സതീശൻ വ്യക്തമാക്കി.

 

 

webdesk15: