എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപണം ഉന്നയിച്ചു.അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്‍കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു.
എസ്.എഫ്.ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണ്. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്ന എസ്.എഫ്.ഐക്ക് സി.പി.എമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.