മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി,ഡി,സതീശൻ പറഞ്ഞു. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് ഈ വിധി. കേസിലെ വാദം പൂര്‍ത്തിയാക്കി ഒരു കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്. ഒരു കൊല്ലത്തെ കാലതാമസം എന്തായിരുന്നുവെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഒരു കാലത്തും പുറത്ത് വരാത്ത വിധിയായി ഇത് മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.
കേസ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഫുള്‍ ബെഞ്ചിന് വിടണമെന്ന് വിധിയില്‍ നിര്‍ദ്ദശിച്ചിരിക്കുന്നത്. 2019-ല്‍ തന്നെ ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകയുക്ത ആയിരുന്ന സമയത്ത് ഇത്തരമൊരു അഭിപ്രായം വന്നപ്പോള്‍ ഫുള്‍ ബെഞ്ചിലേക്ക് വിടുകയും രണ്ട് ഉപലോകായുക്തയുക്തകളും അടങ്ങുന്ന ഫുള്‍ബെഞ്ച് ഇത് നിലനില്‍ക്കുന്ന കേസാണെന്നും പരാതിയുടെ മെറിറ്റിലേക്ക് പോകണമെന്നും തീരുമാനിച്ചതാണ്. തീരുമാനം എടുത്ത വിഷയം നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഫുള്‍ബെഞ്ചിലേക്ക് പോകണമെന്ന തീരുമാനം എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ കേസിന്റെ മെറിറ്റിലാണ് വാദം നടന്നത്. അതിന് ശേഷം വിധി പറയാനായി മാറ്റി. ഇതിനിടയിലാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അതില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്ന വിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍.
ഈ വിധിയോടെ അഴിമതി നിരോധന സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ എല്ലാ വിശ്വാസവും തകര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഫുള്‍ബെഞ്ച് തീരുമാനം എടുത്ത ഒരു വിഷയം വീണ്ടും ഫുള്‍ബെഞ്ചിന് വിടുന്നത് നിയമപരമല്ല. ഇത് സര്‍ക്കാരിന് സഹായിക്കുന്നതിന് വേണ്ടിയുള്ള വിധിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി അല്ലാതാകുന്നത് വരെയോ ലോകായുക്ത ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് വരെയൊ വിധി നീട്ടിക്കൊണ്ട് പോകുകയാണ് ലക്ഷ്യം. അതിന് വേണ്ടി മനപൂര്‍വമായാണ് കേസ് നിലനില്‍ക്കുമോയെന്ന പ്രശ്‌നം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ ഭിന്നത ഉണ്ടെങ്കില്‍തന്നെ വിധി പറയാന്‍ ഒരു കൊല്ലം കാത്തിരുന്നത് എന്തിന് വേണ്ടിയായിരുന്നു? ലോകായുക്തയെ കെ.ടി ജലീല്‍ ഭീഷണിപ്പെടുത്തിയതിന്റെയും ആക്ഷേപിച്ചതിന്റെയും ഫലം ഇപ്പോഴാണ് വന്നിരിക്കുന്നതെന്നും വി,സി,സതീശൻ പറഞ്ഞു.