X

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതി; സുപ്രീം കോടതി വിധി ചാന്‍സിലര്‍ നിയമനത്തിലെ പ്രതിപക്ഷ നിര്‍ദ്ദേശത്തിന് സമാനം

സംസ്ഥാന നിയമസഭയില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന സര്‍വകലാശാലാ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍, ചാന്‍സലറെ നിയമിക്കുന്നതിനുള്ള സമിതിയുടെ ഘടന എങ്ങനെയിരിക്കണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശത്തിന് സമാനമായ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് സമിതിയെയാണ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്. സര്‍വകലാശാലകളിലെ രാഷ്ട്രീയവത്ക്കരണം ഒഴിവാക്കി സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് ക്രിയാത്മകമായ ഈ നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.

തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണപാര്‍ട്ടി ചട്ടുകമാക്കുന്നെന്ന ഗുരുതര ആരോപണം ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ സുപ്രീം കോടതി വിധി രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുന്നതുമാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

 

webdesk13: