X

ശിശുദിനത്തിലെ ചരിത്ര വിധി; പോക്‌സോ കുറ്റകൃത്യങ്ങള്‍ തടയാനും ഫലപ്രദമായി അന്വേഷിക്കാനും പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ആലുവയില്‍ അഞ്ചു വയസുകാരിയെ പിച്ചിച്ചീന്തിയ കൊടുംക്രിമിനലിന് നീതിപീഠം വിധിച്ച തൂക്കുകയര്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.നിയമ വാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും നിയമ സംവിധാനത്തിന്റെ അന്തസും ഉയര്‍ത്തുന്ന ചരിത്രപരമായ വിധിപ്രസ്താവമാണ്, ശിശുദിനത്തില്‍ പോക്സോ പ്രത്യേക കോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചുവെന്നതും ശ്രദ്ധേയമാണ്. തെളിവുകള്‍ നിരത്തി കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പരിശ്രമിച്ച പ്രോസിക്യൂഷനും അഭിനന്ദനം അര്‍ഹിക്കുന്നു.

അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ലെങ്കിലും നീതി നിര്‍വഹണ സംവിധാനത്തിനൊപ്പം കേരളം ഒറ്റക്കെട്ടായി ആ കുടുംബത്തെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്. ഇത്തരമൊരു ദുര്‍വിധി ഒരു കുഞ്ഞിനും, കുടുംബത്തിനും ഉണ്ടാകരുത്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സാധാരണമായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുണ്ടാകണം. പോക്‌സോ കേസുകള്‍ തടയുന്നതിനും അന്വേഷണം ഫലപ്രദമായി നടത്തുന്നതിനും പൊലീസില്‍ പ്രത്യേക സെല്‍ രൂപീകരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്, ഇത്തരക്കാരെ കൃത്യമായി നിരീക്ഷിക്കാനും സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

 

webdesk15: