സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.എ.ഐ ക്യാമറ, കെഫോണ്‍ അഴിമതികളും മാസപ്പടി വിവാദവും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഒന്നാം പ്രതി സി.പി.എമ്മാണെന്ന് ഇ.ഡിയുടെ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡറില്‍ പറയുന്നത്. സി.പി.എം ഉപസമിതിയുടെ നേതൃത്വത്തിലാണ് കരുവന്നൂരില്‍ കൊള്ള നടത്തിയത്. ഉപസമിതിയുടെ അംഗീകാരത്തോടെയാണ് ബിനാമികള്‍ക്ക് 188 കോടിയുടെ വായ്പ നല്‍കി 344 കോടിയുടെ ബാധ്യത വരുത്തിവച്ചത്. ഭരണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുമെന്നതു പോലെ അഴിമതിക്കുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കരുവന്നൂരില്‍ ഉള്‍പ്പെടെ അഴിമതി മൂടിവയ്ക്കാനാണ് സി.പി.എം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ സി.പി.എം ജില്ലാ കമ്മിറ്റിയാണ് കരുവന്നൂരിലെ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.