ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇഷ്ടക്കാരും നടത്തുന്ന പകല്‍ക്കൊള്ളയും കമ്മീഷന്‍ ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കുന്നതിന് വേണ്ടി പൊലീസിനെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഗുണ്ടാസംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്ന് ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പലയിടത്തും പൊലീസ് ആക്രമിച്ചു. കൊല്ലത്തും കാസര്‍ഗോഡും മലപ്പുറത്തും ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ കാസര്‍കോട് ഡി.സി.സി അധ്യക്ഷന്‍ പി.കെ ഫൈസലിനെ തലയ്ക്കടിച്ചു വീഴ്ത്തി. മലപ്പുറത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ആക്രമിച്ചു. വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വി.സ്.ഡി.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സി.പി.എം- സംഘപരിവാര്‍ നേതാക്കള്‍ക്കും ഒരു നീതിയും കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ക്ക് മറ്റൊരു നീതിയുമെന്ന രീതിയാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇരട്ടനീതിയെന്നത് ഫാസിസ്റ്റ് ശൈലിയാണ്. മോദിയെ അനുകരിക്കുന്ന പിണറായി വിജയന്‍ അതുതന്നെയാണ് കേരളത്തിലും നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും കള്ളക്കേസുകളെടുത്തും കേരളത്തിലെ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.