കെ.ബി.എ. കരീം
അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്ന് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ ലഭിച്ച അനുമതി പുണ്യ മാസത്തിലെ പ്രാര്‍ത്ഥനയുടെ ശക്തി മൂലമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 12 വര്‍ഷം ജയിലിലും എട്ടുവര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ വിചാരണ തടവുകാരനെ വരവേല്‍ക്കാന്‍ ഈ ഉമ്മയ്ക്കും മക്കള്‍ക്കൊപ്പം നാടും തയ്യാറെടുക്കുകയാണ്.
കാല്‍ നൂറ്റാണ്ട് മുമ്പ് അബ്ദുല്‍ നാസര്‍ മഅഅ്ദനിയെ ജയിലിലടച്ചപ്പോള്‍ മുതല്‍ ജീവിതം തിരിച്ചു പിടിക്കാന്‍ നിയമപരമായും അല്ലാതെയും സുഫിയാ മഅ്ദനിയും മക്കളും മുന്നിട്ടിറങ്ങുകയായിരുന്നു. 1993-ലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി സൂഫിയയെ വിവാഹം കഴിക്കുന്നത്. 1998-ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ഭര്‍ത്താവിനെ ജയിലിലടച്ചപ്പോള്‍ മുതല്‍ തുടങ്ങിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിനില്‍ക്കുന്നത്. പറക്കമുറ്റാത്ത രണ്ടു മക്കളെയും മാറോട് ചേര്‍ത്താണ് നിയമ പോരാട്ടത്തിന് സൂഫിയ തുടക്കം കുറിച്ചത്.
കടുത്ത സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുമ്പോഴും മക്കളായ ഉമര്‍ മുക്താറിനും സലാഹുദ്ദീന്‍ അയ്യൂബിക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സൂഫിയക്ക്് കഴിഞ്ഞു. ഈയിടെയാണ് അയ്യൂബി നിയമ ബിരുദം നേടി പിതാവിന്റെ മോചനത്തിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ കളമശേരി ബസ് കത്തിക്കല്‍ കേസിലും സൂഫിയ പ്രതി ചേര്‍ക്കപ്പെട്ടു. ഈ കേസില്‍ അഞ്ചുദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ സൂഫിയയെ കാത്തിരുന്നത് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയായിരുന്നു. ഒമ്പതര വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷമാണ് കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വെറുതെ വിട്ടത്.
ജയില്‍ വാസത്തിനും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും അറുതി വന്നെന്നും പുതിയൊരു ജീവിതം ആരംഭിക്കാമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ബാംഗ്ലൂര്‍ സ്‌ഫോടനം കേസില്‍ മഅ്ദനി വീണ്ടും അറസ്റ്റിലാകുന്നത്. അവിടെ മറ്റൊരു നിയമ യുദ്ധത്തിന് സൂഫിയ തുടക്കം കുറിക്കുകയായിരുന്നു.
മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു സൂഫിയുടെ പ്രഥമ ലക്ഷ്യം. 2014-ല്‍ മഅ്ദനിക്ക് സുപ്രീംകോടതി ചികിത്സക്കായി ഉപാധികളുടെ ജാമ്യം അനുവദിച്ചു. കോടതിയില്‍ പിതാവിന്റെ ശബ്ദമാകുമെന്നും നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അബ്ദുനാസര്‍ മഅ്ദനിയുടെ മകന്‍ അഡ്വ.സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ചെയ്ത ശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19-നാണ് ലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തത്. മഅ്ദനിയുടെ മോചനത്തിന് കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താനണിഞ്ഞിട്ടുള്ള വക്കീല്‍ കുപ്പായമെന്ന് സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കിയിരുന്നു. മൂന്നുമാസത്തേക്കാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നാണ് മഅ്ദനിയുടെ കുടുംബം പറയുന്നത്.കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി 9 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി 13 വര്‍ഷമായി കര്‍ണാടകയില്‍ സമാന അവസ്ഥയില്‍ കഴിയുകയായിരുന്നു. കാല്‍നൂറ്റാണ്ടില്‍ അധികം വരുന്ന ഈ കാലഘട്ടങ്ങളില്‍ എല്ലാം സൂഫിയ മഅ്ദനി സഹിച്ചും ക്ഷമിച്ചും നിയമ പോരാട്ടവുമായി മുന്നോട്ടു പോവുകയായിരുന്നു. മഅ്ദനിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ വേണ്ട ശ്രമങ്ങളാണ് സൂഫിയ മഅ്ദനി ഏറ്റവും ഒടുവില്‍ നടത്തിയത്. ഈ ശ്രമം വിജയം കാണുകയും സുപ്രീം കോടതി മഅ്ദനിയോടും ഒപ്പം സൂഫിയയോടും കരുണ കാണിക്കുകയമമായിരുന്നു.