വയനാട് ജില്ലയില്‍ ഉള്‍പ്പെടെ വനാതിര്‍ത്തിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബഫര്‍ സോണ്‍ വിഷയം പോലെ ഇക്കാര്യത്തിലും വനം വകുപ്പ് അനാസ്ഥ കാട്ടുകയാണ്.ബഫര്‍ സോണില്‍ മൂന്ന് ഭൂപടങ്ങള്‍ നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും അനാസ്ഥയുള്ള വകുപ്പായി വനം വകുപ്പ് മാറിയിരിക്കുകയാണ്. വയനാട്ടില്‍ ആറ് മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ചികിത്സ നല്‍കാന്‍ പോലും കഴിഞ്ഞില്ല. വന്യ ജീവികളുടെ ആക്രമണത്തെ സംബന്ധിച്ച് പഠനം നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയോ സുപ്രീം കോടതിയെയോ സമീപിച്ച് വന്യജീവി സംരക്ഷണ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. വനാതിര്‍ത്തികളില്‍ കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൃഷിക്കാരുടെ ജീവന്‍ അപകടകരമാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇക്കാര്യം പ്രതിപക്ഷം നിരവധി തവണ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.