തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി വര്‍ധിക്കുകയാണ്. നേരത്തെ വാക്‌സിന്‍ ഫലപ്രദമായിരുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 30ന് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍, അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി നായ്ക്കളെ സ്‌റ്റെര്‍ലൈസ് ചെയ്യുന്നില്ല. എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.