വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത നടപടി അസാധാരണമാണെന്നും വിധിപ്രസ്താവത്തെ കുറിച്ച് ആക്ഷേപങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കുറിപ്പ് ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ ഒരു ജുഡീഷ്യല്‍ സ്ഥാപനങ്ങളും ചെയ്തിട്ടില്ലാത്ത പുതിയ രീതിയാണിത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു സാംഗത്യവുമില്ല. അതിലെ വാചകങ്ങള്‍ ലോകായുക്തയുടെ സ്ഥാനത്തിന് യോജിക്കാത്തതാണ്. ലോകായുക്തയ്ക്കെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും വാര്‍ത്താക്കുറിപ്പിലില്ല. വാദം കേട്ട് ഒരു കൊല്ലത്തിന് ശേഷം ഒന്നര പേജ് വിധി ഇറക്കി, അതില്‍ മെയ്ന്റെയ്നബിലിറ്റിയെ കുറിച്ച് പറയുന്നത് വിരോധാഭാസമാണ്. അഴിമതി വിരുദ്ധ സ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നിയമവിരുദ്ധമായ വിധിയാണിത്. പരാതിയുമായി എത്തുന്നവരെ പേപ്പട്ടിയോട് ഉപമിക്കുന്നത് ലോകായുക്തയ്ക്ക് യോജിച്ചതല്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ ലോകായുക്ത കൂടുതല്‍ അപഹാസ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് പുല്‍വാമ ആക്രമണത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും മൗനം പാലിക്കുന്നത് വിസ്മയകരമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി 40 സൈനികരെ കൊല ചെയ്യുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൂട്ട് നിന്നെന്ന ഗുരുതരമായ ആരോപണമാണ് മാലിക് ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച ആളാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തെ സാധൂകരിച്ച് കൊണ്ട് കരസേന മുന്‍ മേധാവിയും ബി.എസ്.എഫ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അതിതീവ്ര ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂരകൃത്യമായിരുന്നു പുല്‍വാമ ആക്രമണമെന്നാണ് വ്യക്തമായിരിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റബര്‍ ബോര്‍ഡാണ് കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിച്ചിരുന്ന സ്ഥാപനം. 75-ാം വാര്‍ഷികം ആഘോഷിക്കുന്ന റബര്‍ ബോര്‍ഡിനെ പ്രവര്‍ത്തിക്കാത്ത സ്ഥാപനമാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം റദ്ദാക്കി. ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടി മാത്രമുള്ള സംവിധാനമായി റബര്‍ ബോര്‍ഡിനെ മാറ്റിയിരിക്കുകയാണ്. റബറിന് 300 രൂപയെങ്കിലും താങ്ങ് വില പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം 500 കോടിയും പിന്നീട് 600 കോടിയും ബജറ്റില്‍ അനുവദിച്ചെങ്കിലും 30 കോടി മാത്രമാണ് ചെലവഴിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളാണ് റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവരോടുള്ള ബി.ജെ.പിയുടെ സ്നേഹം കാപട്യമാണെന്ന് കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും ക്രിസ്തുമത വിശ്വാസികള്‍ക്കും നന്നായി അറിയാം. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇതിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലും ബോംബെയിലും പ്രതിഷേധിച്ചു. നേരത്തെ 79 ക്രൈസ്തവ സംഘടനകള്‍ ജന്ദര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 598 ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും ക്രിസ്മസ് ആരാധന തടസപ്പെടുത്തിയെന്നുമാണ് സുപ്രീം കോടതിയില്‍ ക്രൈസ്തവ സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികള്‍ വീട്ടില്‍ വന്നാല്‍ ഓടിച്ചിട്ട് അടിക്കണമെന്നാണ് കര്‍ണാടകത്തിലെ ബി.ജെ.പി മന്ത്രി പറഞ്ഞത്. രാജ്യത്താകെ ക്രൈസ്തവര്‍ക്ക് നേരെ ബി.ജെ.പി – സംഘപരിവാര്‍ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുമ്പോള്‍ കേരളത്തില്‍ പ്രീണിപ്പിക്കാന്‍ പോകുന്നത് തമാശയാണ്. കബളിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം കേരളത്തിലെ ക്രൈസ്തവര്‍ തിരിച്ചറിയും.
ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ സംഘടനകള്‍ക്ക് കഴിയില്ല. കാലങ്ങളായി ബി.ജെ.പി ഏറ്റവുമധികം ആക്രമിച്ച ന്യൂനപക്ഷ വിഭാഗവും ക്രൈസ്തവരാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കേരളത്തിലെ ക്രൈസ്തവ നേതൃത്വം തിരിച്ചറിയും. കേരളത്തിലെ ക്രൈസ്തവര്‍ ബി.ജെ.പിയെ സ്വീകരിക്കില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുടെ രൂപത്തിലാണ് ബി.ജെ.പി നേതാക്കള്‍ അരമനകള്‍ സന്ദര്‍ശിക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം. മധ്യതിരുവിതാംകൂറില്‍ പലയിടത്തും സംഘപരിവാര്‍ പെന്തകോസ്ത് ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പോലെ ആക്രമിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ട് പ്രീണനതന്ത്രം സ്വീകരിക്കുന്നത്. ഇപ്പോള്‍ മല കയറാനും ഡിന്നര്‍ നല്‍കാനും നടക്കുന്ന കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മുന്‍കാലങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ലേഖനങ്ങളും പ്രസ്താവനകളും ഇറക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല.
ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്നതെല്ലാം ക്രൈസ്തവ വിരുദ്ധമാണ്. ആ നിലപാടുകള്‍ മാറ്റിയെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോഴും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത്? 598 ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധനകള്‍ പോലും തടസപ്പെടുത്തി. സ്റ്റാന്‍സാമിയെ ജയിലിലിട്ട് കൊന്നില്ലേ? സുപ്രീം കോടതിയിലെ കേസും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളും മറന്ന് കൊണ്ട് കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ആട്ടിന്‍ തോലിട്ട് എത്തുന്ന ചെന്നായ്ക്കളെ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.