തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീലിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ആരോപണം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നും തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. പിണറായ ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹവും (കെ.ടി ജലീല്‍) വളരെ ആദരണീയനായ മനുഷ്യനാണ്. കാരണമെന്താ. എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തി വാട്സ്ആപ്പ് മെസ്സേജുകളിലൂടെ ഒരു ബദലുണ്ടാക്കി വിപ്ലവം സൃഷ്ടിച്ച വീരപുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിന് ഈ നിയമം ഒന്നും ഇഷ്ടമില്ല. ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഒരു വിദേശ കോണ്‍സുലേറ്റുമായി വാട്സാപ്പില്‍ മെസ്സേജ് അയച്ച് കിറ്റ് മേടിച്ചു കൊണ്ടു പോയ ആളാണ് അദ്ദേഹം. സകാത്ത് ആണെന്നാണ് പറഞ്ഞത്. 500 രൂപയുടെ ആയിരം കിറ്റ്. എയര്‍പോര്‍ട്ടിന് അടുത്ത ധാരാളം പാവങ്ങളുണ്ട്. നോമ്പു നോറ്റവരാണ്. അവിടെ കൊടുക്കേണ്ടേ? അതെടുത്തു മലപ്പുറത്തു കൊണ്ടു പോയി, അവിടെ നിന്നാ വണ്ടി ബാംഗ്ലൂരിലേക്ക് പോയി. സകാത് കൊടുത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടു മന്ത്രി. പിറകില്‍ നില്‍ക്കുന്നത് മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം. സകാത് കയ്യില്‍ നിന്നെടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്നെടുത്തു കൊടുക്കണം. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നാണ്. തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്’- സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. സെക്രട്ടേറിയേറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. ഏതെല്ലാം ഫയലാണ് അവര്‍ ചോദിച്ചത്? – സതീശന്‍ ചോദിച്ചു.