X

സ്വര്‍ണ്ണ കള്ളക്കടത്തിന് ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’; അവിശ്വാസപ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷം സഭയില്‍കൊണ്ടുവന്നു. വി.ഡി സതീശന്‍ എംഎല്‍എയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. സ്വര്‍ണക്കടത്തിന് ആസ്ഥാനമായത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി കപ്പിത്താനായുള്ള കേരളത്തിലെ ഭരണമെന്ന കപ്പല്‍ ആടി ഉലയുകയാണ്. സമ്പൂര്‍ണ്ണ ആസുത്രണം കള്ളക്കടത്ത് മാഫിയയുടേതാണ്. അമിത അധികാരങ്ങള്‍ ഉള്ള ശിവശങ്കറിനെ അവര്‍ വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘം റാഞ്ചിയെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ എന്‍ഐയും ഇ ഡി യും കയറിയിറങ്ങുകയാണ്. ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ശിവശങ്കറിന്റെ തലയില്‍ എല്ലാം വെച്ചു. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം തേടി. എല്ലാത്തിലും അഴിമതിയും വിവാദവുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ വിവാദവും വി.ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാകാം വിദേശ സഹായം തേടിയത്. എന്നാല്‍ 4.25 കോടി കമ്മീഷന്‍ കൂടിപ്പോയി. ഗൗരവകരമായി ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറുണ്ടോ. പാവങ്ങളുടെ ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍ ആക്കി. ബെവ് ക്യൂ ആപ്പും ലൈഫ് കൈക്കൂലിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെ.ടി ജലീലിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് വി.ഡി സതീശന്‍ ഉയര്‍ത്തിയത്. സക്കാത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കളിത്തട്ടിപ്പിനല്ല, ഖുറാനെ മറയാക്കേണ്ടത്. അഞ്ചു ലക്ഷം രൂപയ്ക്കു വേണ്ടി 15 തവണ വിളിച്ചു. മുഖ്യമന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫ് എന്തിനാ ഇത്രയും മിടുക്കനായ മന്ത്രി പോരെയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

chandrika: