X

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്; റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് വി.ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റോഡുകളുടെ ദുരവസ്ഥക്കു കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം കൊച്ചിയില്‍ കുറ്റപ്പെടുത്തി. നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റേത് നിരുത്തരവാദപരമായ സമീപമാണ്. ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പൊതുമരാമത്ത് മന്ത്രിക്ക് പരിഹാസമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് കുഴികളാണ് ഈ ജൂലൈയില്‍ ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ്. ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവെക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയില്‍ മാത്രമല്ല, പി.ഡബ്ല്യു.ഡി റോഡുകളിലും നിറയെ കുഴികളാണ്. ദേശീയ പാതയിലെ കുഴി അടയ്ക്കാന്‍ എന്‍.എച്ച്.എ.ഐ തയാറായില്ലെങ്കില്‍ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമുണ്ട്. എന്‍.എച്ച് നന്നാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവിറക്കാന്‍ കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിക്കണം.

കാലവര്‍ഷവുമായി ബന്ധപ്പെട്ട് കാര്യമായ മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഡാം തുറക്കുമെന്ന് ഇത്തവണ മുന്‍കൂട്ടി പറഞ്ഞത് നല്ലകാര്യം. 2018ല്‍ ഡാം തുറക്കുന്നതൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇത്തവണ മുന്‍കൂട്ടി അറിയിച്ചത് കൊണ്ട് തീരദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി. 2018 ലെ പ്രളയം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും നദികളിലെയും ഡാമുകളിലെയും മണലും ചെളിയും നീക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കുറച്ച് വെള്ളം ഒഴുകിയെത്തുമ്പോള്‍ തന്നെ നദികള്‍ കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഡീസല്‍ അടിക്കാനും ശമ്പളം കൊടുക്കാനും പണമില്ലാതെ 50 ശതമാനം ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്. ലാഭകരമായിരുന്ന സര്‍വീസുകളെല്ലാം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറ്റി. ഇത് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചിരാട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കോര്‍പറേറ്റ് ശൈലിയില്‍ കരാര്‍ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ കമ്പനി രൂപീകരിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് പുരപ്പുറത്ത് കയറിയിരുന്ന് സംസാരിക്കുന്നവരാണ് കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ കമ്പനിയുണ്ടാക്കി, സ്ഥിരം തൊഴിലാളികളുള്ള ഒരു പൊതുമേഖലാസ്ഥാപനത്തെ തകര്‍ക്കുന്നത്. ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ പൊതുഗതാഗത സംവിധാനമാണ് ഈ സര്‍ക്കാര്‍ തകര്‍ക്കുന്നത്. രണ്ടു ലക്ഷം കോടി മുടക്കി കെ റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരാണ് 2000 കോടി രൂപ മുടക്കി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത്. കെ റെയില്‍ പദ്ധതിയില്‍ കമ്മീഷന്‍ കിട്ടും. കമ്മീഷന്‍ കിട്ടാത്തത് കൊണ്ടാണ് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത്. പൊതുഗതാഗത സംവിധാനത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും ഇതില്‍ നിന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.

 

Chandrika Web: