തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.
അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.
ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.