കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരപന്തലിലെത്തി സന്ദര്‍ശിച്ചു.
സമാനതകളില്ലാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് കാസര്‍കോടുകാര്‍ ഇന്നും അനുഭവിക്കുന്നത്. നിസഹായരായ അമ്മമാര്‍ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഭായിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനവും പാലിക്കപ്പെട്ടിട്ടില്ല. ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.സമരക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ അദ്ദേഹം കൂട്ടിചേര്‍ത്തു.