കേരള സന്ദര്‍ശനത്തിനിടെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കുറിച്ച് ആകുലപ്പെട്ട പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത് 2021 മുതലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പത്ത് ലക്ഷത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റെയില്‍വെയിലെ ഒഴിവുകള്‍ 3 ലക്ഷത്തില്‍ നിന്നും 3.5 ലക്ഷമായി ഉയര്‍ന്നു. നിലവിലെ കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലെ 15 ലക്ഷത്തിലധികം ഒഴിവുകളില്‍ നിയമനം നടത്താത്ത പ്രധാനമന്ത്രിയാണ് കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തൊഴിലില്ലായ്മ ഉണ്ടാക്കിയെന്ന്
പറയുന്നത്.
കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ട് സ്വര്‍ക്കള്ളക്കടത്താണ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിക്ക് അറിയാമെങ്കില്‍ അദ്ദേഹം അദ്യം അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് നടത്തിയ അന്വേഷണം എവിടെയെത്തിയെന്നാണ് അന്വേഷിക്കേണ്ടത്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസും സി.പി.എം ഉള്‍പ്പെട്ട സ്വര്‍ണക്കടത്തും എവിടെ വച്ചാണ് ഒത്തുതീര്‍പ്പാക്കി അവസാനിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിശോധിക്കണം.