തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച പാലക്കാട് യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പില്‍ സീറ്റിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ഹെലികോപ്റ്ററിന് വാടക കൊടുക്കാന്‍ നല്‍കുന്ന പരിഗണനയെങ്കിലും കുട്ടികള്‍ക്കും കൊടുക്കണമെന്നും, കഷ്ടപ്പെട്ട് പഠിച്ച് കുട്ടികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.
എന്നാല്‍ മറുപടിയുമായി എത്തിയ വിദ്യാഭ്യാസ മന്ത്രി നിലവില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.രക്ഷിതാക്കളുടെ ആശങ്കയാണ് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്, മന്ത്രിയുടെ കണക്കുകള്‍ രക്ഷിതാക്കളെയും കുട്ടികളെയും നിരാശപ്പെടുത്തുന്നു, മാനേജ്‌മെന്റ് സീറ്റില്‍ വന്‍ കൊള്ള നടക്കുകയാണ്, പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതി എന്നാണോ സര്‍ക്കാര്‍ നിലപാട് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ശേഷം വി ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രി ആക്കിയ മുഖ്യമന്ത്രിക്ക് സലാം പറയണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.