രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ക്രമസമാധന തകര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. യു.ഡി.എഫ് എം.പിമാര്‍ എം.എല്‍.എമാര്‍ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും, സതീശന്‍ അറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കുമെന്ന് സതീശന്‍ പറഞ്ഞു.
അതേസമയം, കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സമരപരിപാടികള്‍ പുനരാരംഭിക്കാന്‍ ഇന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ നൂറ് ജനകീയ സദസുകള്‍ സംഘടിപ്പിക്കും.