X

യു.ഡി.എഫിന് സത്യഗ്രഹം നടത്താന്‍ മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ ഭയന്നാണ് 40 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കുന്നതെന്ന് വിഡി സതീശന്‍

കൊച്ചി: യു.ഡി.എഫിന് സത്യഗ്രഹം നടത്താന്‍ മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ ഭയന്നാണ് 40 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിനെതിരായ പ്രക്ഷോഭത്തിനൊപ്പം ബഫര്‍ സോണ്‍ വിഷയത്തില്‍ 72 പഞ്ചായത്തുകളിലും യു.ഡി.എഫ് സമരം നടക്കുകയാണ്. ജനദ്രോഹ ബജറ്റിനെതിരെ നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടക്കും. എല്ലാ ഘടകകക്ഷികളും വിദ്യാര്‍ത്ഥി, യുവജന മഹിളാ സംഘടനകളും സമരമുഖത്താണ്. സത്യഗ്രഹം നടത്താന്‍ മാത്രമെ യു.ഡി.എഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ പേടിച്ചിട്ടാണ് 40 പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തില്‍ നടക്കുന്നത് അദേഹം ചോദിച്ചു.

ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. കമ്പ്യൂട്ടര്‍, ട്രാക്ടര്‍, എ.ഡി.ബി സമരങ്ങളില്‍ നിന്നും യു ടേണ്‍ അടിച്ച സി.പി.എമ്മിന്റെ രീതി യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഇല്ല. കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഏഴ് സെക്ടറുകളില്‍ വന്‍ പ്രക്ഷേഭങ്ങള്‍ വരാന്‍ പോകുകയാണ്. സി.പി.എമ്മിനെ പോലെ അക്രമ സമരങ്ങളല്ല യു.ഡി.എഫും കോണ്‍ഗ്രസും നടത്തുന്നതെന്ന് അദേഹം പറഞ്ഞു.

ആറ് മാസമായി സാക്ഷരതാ പ്രേരക്മാര്‍ക്ക് ശമ്പളമില്ല. പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നവര്‍ക്കുള്ള ശമ്പളവും ആശ്വാസകിരണം പദ്ധതി വഴിയുള്ള പെന്‍ഷനും നല്‍കിയിട്ട് 14 മാസമായി. എന്നിട്ടാണ് കടക്കെണിയില്ലെന്ന് മുഖ്യന്ത്രി പറയുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

കളമശേരിയില്‍ കെ.എസ്.യു നേതാവായ പെണ്‍കുട്ടിയുടെ തോളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിനെതിരെ നടപടി എടുത്തേ മതിയാകൂ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദേഹം താക്കീത് നല്‍കി.

webdesk13: