X

യുവനേതാക്കള്‍ അധികാരമോഹികള്‍, പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട്: വയലാര്‍ രവി

 

യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന്‍ ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്.

പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട് എന്നതാണ് നോക്കേണ്ടത്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവര്‍ അല്ല എന്നും വയലാര്‍ രവി ദില്ലിയില്‍ പറഞ്ഞു.

അതേസമയം, പി.ജെ കുര്യനെതിരെ എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ മാറാന്‍ തയാറാണെന്ന് പി.ജെ.കുര്യന്‍. ഇതുവരെ പദവികള്‍ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം.

പിജെ കുര്യന്‍ വീണ്ടും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുര്യന് തന്നെ സീറ്റു നല്കുമെന്ന് ഉറപ്പില്ലെന്ന് എഐസിസി വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമേ ഇക്കാര്യം ആലോചിക്കൂ. ഒന്നിലധികം പേരുകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഷാനിമോള്‍ ഉസ്മാന്‍. പിസി ചാക്കോ, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. കുര്യനെന്നായിരുന്നു തീരുമാനമെങ്കില്‍ ഇത്രയും വൈകേണ്ട കാര്യമില്ലായിരുന്നു എന്നും എഐസിസി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

chandrika: