X

ബാഡ്മിൻറണിലും വട്ടപുജ്യം

പാരീസ്: ബാഡ് മിൻറണിലും ഇന്ത്യക്ക് വട്ടപ്പുജ്യം. ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു. സ്ക്കോർ 13-21,21-16,21-11. ആദ്യഗെയിം ലക്ഷ്യ അനായാസം നേടിയെങ്കിലും പിന്നിട് മലേഷ്യക്കാരൻറെ ഊഴമായിരുന്നു. ആദ്യ ഗെയിമിൽ കേവലം 20 മിനുട്ടിൽ മലേഷ്യൻ പ്രതിയോഗി തലതാഴ്ത്തി. ലാ ഷെപ്പേൽ സ്റ്റേഡിയത്തിൽ മൽസരം ആസ്വദിക്കാൻ നിറഞ്ഞ കാണികളായിരുന്നു.

ദേശീയ പതാകയുമായി നിരവധി ഇന്ത്യക്കാർ. മലേഷ്യക്കാരും എണ്ണത്തിൽ കുറവായിരുന്നില്ല. ലി സി ജയിലുടെ അവർ മെഡൽ തന്നെ സ്വപ്നം കണ്ടു. എന്നാൽ മലേഷ്യൻ താരം ഡ്രോപ്പ് ഷോട്ട് തന്ത്രങ്ങളുമായി തുടക്കത്തിൽ തന്നെ നടത്തിയ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തന്നെയായിരുന്നു ലക്ഷ്യയുടെ മറുപടി. ലോംഗ് റാലികൾക്ക് ശ്രമിച്ചില്ല.21-13 ന് സ്വന്തമാക്കിയ ആദ്യ ഗെയിമിൽ രണ്ട് സ്മാഷ് ഷോട്ട് മാത്രം.

ലി ജിയാവട്ടെ ഡ്രോപ്പ് ഷോട്ടുകൾക്ക് പിറകെ തന്നെയായിരുന്നു. സെമിയിൽ വിക്ടർ അക്സലിന് മുന്നിൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യാസെൻ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാം ഗെയിമിലും ലക്ഷ്യ തന്നെയാണ് മികവ് കാട്ടിയതെങ്കിലും ഒരു ഘട്ടത്തിൽ സ്ക്കോർ 8-8 ലെത്തി. പിന്നെ മലേഷ്യൻ താരം ഡ്രോപ് ശൈലി വിട്ട് ആക്രമിക്കുന്നത് കണ്ടു. 12-8 എന്ന സ്ക്കോറിൽ ലീ ലീഡ് നേടി. എന്നാൽ മിന്നും ഷോട്ടുകളിലൂടെ തിരികെ വന്ന ലക്ഷ്യ 14- 16 ലെത്തി. എന്നാൽ 21-16 ൽ ഗെയിം ലീ സ്വന്തമാക്കിയപ്പോൾ മലേഷ്യൻ പതാകകൾ ഉയർന്നു. നിർണായകമായ അവസാന ഗെയിമിൽ രണ്ട് കിടിലൻ സ്മാഷുകളിലുടെ ലീ 2-0 ലീഡ് നേടി. വലത് കൈയിലെ പരുക്കിന് ലക്ഷ്യ ചികിൽസ തേടി.

9-2 എന്ന വലിയ ലീഡിലായി മലേഷ്യൻ താരം. തകർപ്പൻ പ്രകടനമായിരുന്നു ലക്ഷ്യക്കെതിരെ ഇതിനകം ഒരു വിജയം സ്വന്തം ബെൽറ്റിലുള്ള ലീ ഈ ഘട്ടത്തിൽ നടത്തിയത്. തുടർച്ചയായി മൂന്ന് പോയിൻറുകൾ നേടി ലക്ഷ്യ മത്സരം ഏകപക്ഷിയമാക്കാൻ അനുവദിച്ചില്ല. വീണ്ടും ഇന്ത്യൻ പതാകകൾ. ഇടവേളയിൽ 11-6 എന്ന നിലയിൽ മലേഷ്യൻ ആധിപത്യം.

ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി. വലിയ സംഘമാണ് ബാഡ്മിൻറണിനെ പ്രതിനിധികരിച്ച് എത്തിയിരുന്നത്. റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോവിൽ വെങ്കലവും നേടിയ പി.വി സിന്ധു പരുക്കിൽ നിരാശപ്പെടുത്തിയപ്പോൾ പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം പ്രി ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ലോക ഡബിൾസ് റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യൻ സഖ്യം.

സിംഗിൾസിൽ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച്.എസ് പ്രണോയി ലക്ഷ്യാസെന്നിന്നോടാണ് പ്രി ക്വാർട്ടറിൽ തോറ്റത്. മൂന്നാം സ്ഥാന നിർണയ പോരാട്ടത്തിൽ ലക്ഷ്യയും തോറ്റതോടെ മെഡലുകളില്ലാത്ത ബാഡ്മിൻറൺ ഒളിംപിക്സ്. ലണ്ടനിൽ ( 2012) സൈന നെഹ്വാൾ വെങ്കലം നേടിയപ്പോൾ റിയോ (2016),ടോക്കിയോ (2020) എന്നിവിടങ്ങളിൽ സിന്ധു മെഡൽ നേടിയിരുന്നു.

webdesk13: