ദുബൈ: ഫെഡറല്‍ ടാക്‌സ് അഥോറിറ്റിയുടെ നിയമങ്ങള്‍ മറി കടന്ന് വാറ്റ് നികുതിയുടെ മറവില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനകം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 164 പേര്‍ക്ക് നോട്ടീസ് നല്‍കി. വാറ്റിന്റെ മറവില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതായാണ് പരാതി. ഉപയോക്താവില്‍ നിന്നും നികുതി ഈടാക്കുകയും ഒപ്പം വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തട്ടിപ്പ് നടത്തുകയുമാണ് ചിലര്‍ ചെയ്യുന്നത്. വാറ്റ് നിയമം നടപ്പാക്കിയ ശേഷം 13,370 പരിശോധനകള്‍ നടത്തി. ഒപ്പം, പുതിയ നിയമത്തെ കുറിച്ച് 241 ബോധവത്കരണ പരിപാടികളും നടപ്പാക്കിയതായി യുഎഇ സാമ്പത്തിക മന്ത്രിയും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരി വ്യക്തമാക്കി. അഞ്ച് ശതമാനമാണ് നിയമ പ്രകാരമുള്ള വാറ്റ് നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് നടപ്പാക്കിയ ശേഷം അനധികൃതമായി വില വര്‍ധിപ്പിച്ച 15 കടകള്‍ അബുദാബിയില്‍ അധികൃതര്‍ അടപ്പിച്ചു. വാറ്റിന്റെ മറവില്‍ ചില ചരക്കുകള്‍ക്ക് 42 ശതമാനവും കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് 17 ശതമാനവുമാണ് അനധികൃതമായി വില വര്‍ധിപ്പിച്ചത്. ഇത് യുഎഇ എകോണമിയെ സാരമായി ബാധിക്കുന്നതായിരുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് ഈ മാസം മാര്‍ക്കറ്റില്‍ വില സ്ഥിരത ഉറപ്പു വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. വാറ്റ് നിയമം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉപയോക്താക്കള്‍ മടി കൂടാതെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിനെയോ എകണോമിക് വകുപ്പിനെയോ സമീപിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി. ഉപയോക്താവില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കിയാല്‍ 3,000 മുതല്‍ 10,000 വരെ ദിര്‍ഹം പിഴ ഈടാക്കും. സാമ്പത്തിക വികസന വകുപ്പിന്റെ സര്‍ക്കുലറുകള്‍ അവഗണിച്ചാല്‍ 2,000 മുതല്‍ 8,000 ദിര്‍ഹം വരെ പിഴ ഈടാക്കും.