X

ബിജെപിക്ക് തിരിച്ചടി; വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നു; ചര്‍ച്ച വീണ്ടും സജീവം

ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നതിന് വീണ്ടും ചര്‍ച്ച സജീവമായതായി റിപ്പോര്‍ട്ട്. ഡിഎന്‍എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബിജെപി നേതൃത്വത്തില്‍ നിന്ന് തുടര്‍ച്ചയായ അവഗണന നേരിട്ടതാണ് ഇത്തരമൊരു നീക്കത്തിന് വരുണിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി വരുണ്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് വിവരം. മാര്‍ച്ച് 25ന് ജന്‍പഥില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
രാഹുലും പ്രിയങ്കയും അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചക്കു മധ്യസ്ഥത വഹിച്ചതും വരുണിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുമെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയതു മുതല്‍ അമിത് ഷാ വരുണിനെ പാര്‍ട്ടി നേതൃനിരയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും വരുണിന് കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല. ഇതാണ് പാര്‍ട്ടിമാറ്റത്തിന് വരുണിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മനേകാ ഗാന്ധി വരുണിന്റെ പാര്‍ട്ടി മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നതായാണ് വിവരം. വരുണിന്റെ കോണ്‍ഗ്രസ് പ്രവേശം അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ എന്തു സ്ഥാനം നല്‍കണമെന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കാന്‍ സാധ്യതയുണ്ടെങ്കിലും വരുണിനെ പാര്‍ട്ടിയിലെത്തിക്കുന്നതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പ്രതാപം തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
1983ലാണ് കോണ്‍ഗ്രസ് വിട്ട് മനേകാ ഗാന്ധി സഞ്ജയ് വിചാര്‍ മഞ്ച് രൂപീകരിച്ചത്. പിന്നീട് ജനതാദളിലേക്കും അതുവഴി ബിജെപിയിലേക്കും മനേകാ ഗാന്ധിയുടെ പാര്‍ട്ടി എത്തുകയായിരുന്നു.

chandrika: