X

വര്‍ക്കല തീപ്പിടിത്തം; പുക ശ്വസിച്ചതാകാം മരണത്തിന് കാരണമെന്ന് നിഗമനം

വര്‍ക്കലയില്‍ വീടിനു തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പുക ശ്വസിച്ചാണ് അഞ്ചുപേരും മരിച്ചതെന്ന് പ്രാഥമികനിഗമനം.

എസി ഉപയോഗിച്ചിരുന്നതിനാല്‍ മുറികള്‍ പൂട്ടിയിരുന്നു. പുക കയറി ബോധം പോയതിനാല്‍ പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാര്‍ എത്തിയിട്ടുണ്ടാകും എന്നാണ് നിഗമനം. തീപിടിത്തമുണ്ടായത് മുറിയില്‍ എസിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ് സൂചന. വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിയ നിലയിലായിരുന്നു.വീടിനുള്ളിലെ ജിപ്‌സം വര്‍ക്കുകള്‍ തീ വേഗത്തില്‍ പടരാന്‍ കാരണം ഉണ്ടായിട്ടുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചയോടയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്.സംഭവത്തില്‍ ഇളവ്പുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53) മകന്‍ അഖില്‍ (25)മരുമകള്‍ അഭിരാമി (24) പേരക്കുട്ടി റയാന്‍ (എട്ടുമാസം) എന്നിവരാണ് മരിച്ചത്.

പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ ഗുരുതരമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.രാത്രിയോടെ ഇരുനില വീടിന്റെ എല്ലാ ഭാഗത്തേക്കും തീ പടരുകയായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.

ഫയര്‍ഫോഴ്സ് എത്തി തീ തീയണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നുള്ളൂ. വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിനെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Test User: