തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നായകരുടെ പേരുകള്‍ ഒഴിവാക്കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തീരുമാനമായി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇത് യുഡിഎഫ്-എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ സംയുക്തമായി ഉയര്‍ത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും എംപിമാര്‍ക്കിടയില്‍ ധാരണയായി. യോഗത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാത്രം സ്വകാര്യവല്‍കരണത്തെ അനുകൂലിച്ചു. സംസ്ഥാനത്തിന് ജിഎസ്ടി വിഹിതമായി കിട്ടേണ്ട 7,000 കോടി തരണം, മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണം, ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കരുത് എന്നീ ആവശ്യങ്ങളും എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.
നേരത്തെ, പ്രധാനമന്ത്രിയുടെ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തിന്റേയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ഇരുവരുടേയും പേരുകള്‍ പിന്‍വലിച്ചത്. വാരിയന്‍കുന്നത്തിനെ കുറിച്ചുള്ള സിനിമകളുടെ വിവാദപശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.