X

ചിരിയുടെ വകഭേദങ്ങള്‍- മുജീബ് കെ താനൂര്‍

മുജീബ് കെ താനൂര്‍

‘അന്ധനും മൂകനും ബധിരനുമായാല്‍ നൂറു വര്‍ഷം സമാധാനത്തോടെ ജീവിക്കാം’ എന്നൊരു ഇറ്റാലിയന്‍ പഴമൊഴിയുണ്ട്. ഇതിന്റെ ചുവടുപിടിച്ചു ഇറ്റലിയില്‍ ‘മിണ്ടാതിരിക്കല്‍: നിശബ്ദതയുടെ നിയമം’ എന്ന പ്രഖ്യാപനത്തോടെ ‘ഒമേര്‍ത്ത’ എന്ന ഒരു ഗൂഢ സംഘം തന്നെ പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘ഒമേര്‍ത്ത’ ലംഘിക്കുന്നത് മരണ ശിക്ഷയുള്ള കുറ്റമാണ്. കുടുംബ നിയമങ്ങളുടെ കരുത്തില്‍ ഈ സംഘം പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചോരക്കഥകള്‍ സൃഷ്ടിക്കലായിരുന്നു പതിവ്. അങ്ങിനെയിരിക്കെ ഒരു ഒമേര്‍ത്ത അനുഭാവി പ്രമുഖ വ്യാപാരിയെയും ഭാര്യയെയും മൂന്നു മക്കളെയും വീട്ടില്‍ കയറി വെടിവെച്ചു കൊല്ലുകയുണ്ടായി. ഇയാള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ പറഞ്ഞുവത്രേ ‘എന്റെ കക്ഷി വെടിവെച്ചു കൊല്ലുമ്പോഴും പൊട്ടിചിരിച്ചിരുന്നു, അത്‌കൊണ്ട് കൊല്ലപ്പെട്ടവരോട് കക്ഷിക്ക് പ്രത്യേക വിരോധമൊന്നുമില്ലായിരുന്നുവെന്നും ആസൂത്രണ കൊലപാതകമായിരുന്നില്ലയെന്നും വാദിച്ചു’. ‘കൊലനടത്തുമ്പോഴും കൊലയാളി ചിരിച്ചിരുന്നുവെങ്കില്‍ അയാളെ സൂക്ഷിക്കണമെന്നും അയാള്‍ ഭീകരനാണെന്നും ജയിലില്‍ കിടന്നാല്‍ പോലും സമൂഹം രക്ഷപ്പെടില്ലെന്നുമായിരുന്നു’ ജഡ്ജിയുടെ നിരീക്ഷണം.

ഇനി നമ്മുടെ നാട്ടിലേക്കു വരാം. രാജ്യത്ത് പൊതുപ്രവര്‍ത്തകര്‍ക്കു ആശ്വാസമായി ഒരു കോടതി നിരീക്ഷണവും വിലയിരുത്തലും വന്നിരിക്കുന്നു. എതിരാളികള്‍ക്കെതിരെ ഇനി വല്ലതും പറയാനുണ്ടെങ്കില്‍ തിരെഞ്ഞെടുപ്പ് സമയം വരെ കാത്തിരിക്കുക. ആ സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇനി എന്തും പറയാം. പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കില്‍ അത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധി വന്നിരിക്കുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 ഡല്‍ഹി കലാപത്തിനു മുന്നോടിയായി അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതി തള്ളിയ വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അനുയായികളോട് ‘രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക’ എന്ന് മന്ത്രി ആഹ്വാനം ചെയ്തിരുന്നു. 2020 ജനുവരി 29ന് വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുരാഗ് താക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ വിചാരണ കോടതി മന്ത്രിക്കെതിരെയുള്ള പരാതി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തും അല്ലാത്ത സമയത്തും നടത്തുന്ന പ്രസംഗങ്ങളും തമ്മില്‍ മാറ്റമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ‘തിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം വ്യത്യസ്ത സന്ദര്‍ഭത്തിലുള്ളതാണ്. സാധാരണ സമയത്താണ് നിങ്ങള്‍ പ്രസംഗിക്കുന്നതെങ്കില്‍ നിങ്ങള്‍ പ്രേരിപ്പിക്കുകയാണെന്ന് പറയാന്‍ സാധിക്കും’. എന്നാണ് ചന്ദ്ര ധാരി സിംഗിന്റെ നിരീക്ഷണം.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നടത്തിയ പ്രസംഗങ്ങളില്‍ പലതും അക്രമത്തിനു പ്രേരിപ്പിക്കുന്നവയായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ അഭിഭാഷകരായ ആദിത് പൂജാരിയും താരാ നരുളയും ചൂണ്ടിക്കാട്ടി. ബൃന്ദയുടെ അപ്പീലില്‍ വിധി പറയുന്നത് തത്കാലം കോടതി മാറ്റിവെച്ചിരിക്കുകയാണ്. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ‘ബര്‍ത്തമാന്‍ പത്രിക’ ഒരു പഴയ രാഷ്ട്രീയ ചിരിയെ കുറിച്ച് ഓര്‍മപ്പെടുത്തുന്നു. പശ്ചിമ ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ വിവാദമായ നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കെതിരെ എതിര്‍ശബ്ദം ഉയത്തിയ മുന്‍മന്ത്രി അബ്ദുറസാക്ക് മൊല്ലയും സ്പീക്കര്‍ അബ്ദുല്‍ ഹലീമും പാര്‍ട്ടി തീരുമാനപ്രകാരം അച്ചടക്ക ലംഘനത്തിന് വിധേയമാവേണ്ടി വന്നിരുന്നു. പാര്‍ട്ടിയോട് കടുത്ത അമര്‍ഷം പുലര്‍ത്തിയിരുന്ന ഈ വിഭാഗത്തോട് പാര്‍ട്ടി മുഖം തിരിക്കുകയായിരുന്നു.

2017ല്‍ പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെ ഏറ്റവും പ്രമുഖ യുവനേതാവും രാജ്യസഭ മെമ്പറുമായിരുന്ന റതബ്രത ബാനര്‍ജിയെ പാര്‍ട്ടി അച്ചടക്കലംഘനത്തിന് തൊണ്ണൂറു ദിവസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തുനിര്‍ത്തി. കാലാവധി തീരും മുമ്പേ പാര്‍ട്ടി റതബ്രത ബാനര്‍ജിയെ തിരിച്ചെടുത്തു. കാരണം പറഞ്ഞത് ‘പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് വിധേയമായിരുന്ന സമയത്തും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടുമായി നല്ല നിലയില്‍ ചിരിച്ചു കൊണ്ട് പെരുമാറിയിരുന്നുവത്രെ’. പുതിയ കോടതി നിരീക്ഷണത്തിന്റെ ചുവടുപറ്റി ‘ബര്‍ത്തമാന്‍ പത്രിക’യുടെ കമന്റ് ‘ചിരിയുടെ വകഭേദങ്ങള്‍ രണ്ടും കണ്ടറിഞ്ഞ ഒരാളായി ബൃന്ദ കാരാട്ട്’ എന്നായിരുന്നു.

Test User: