കൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളി അല്ല എന്ന് പറയാന്‍ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. വര്‍ഗീസിനെ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങള്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.
50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹരജിയാണ് കോടതിയുടെ പരിഗണനിയിലുള്ളത്. വയനാട്ടിലെ കാടുകളില്‍ കൊലയും കൊള്ളയും നടത്തി വന്ന വര്‍ഗീസ് നക്‌സല്‍ സംഘത്തിന്റെ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമാണ് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ സന്തോഷ്‌കുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കൊലയും കൊള്ളയും നടത്തി വന്ന നക്‌സല്‍ സംഘത്തിന്റെ നേതാവായിരുന്ന വര്‍ഗീസ് 1970 ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളില്‍ തിരുനെല്ലി കാട്ടില്‍ നടത്തിയ കൊലപാതകവും കൊള്ളയുമായി ബന്ധപ്പെട്ട് മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വര്‍ഗീസിന്റെ മരണകാലത്ത് ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌റ്റേഷനില്‍ വെച്ച് നേരിട്ട് വെടിവെച്ച് കൊന്നതാണെന്ന ആരോപണമുണ്ടായിട്ടില്ല. അതിനാല്‍, സംസ്ഥാന ഭീകരത എന്ന വാദം നിലനില്‍ക്കില്ല. അതിന്റെ പേരിലെ നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ല. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വര്‍ഗീസിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമവേദി 1998ല്‍ ഹൈക്കോടതിയെ സമീപിച്ചു. ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. അതേസമയം തന്നെ ഇപ്പോഴത്തെ പ്രധാന ഹരജിക്കാരനായ സഹോദരനും ഹൈക്കോടതിയെ സമീപിച്ചു.
തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന ആവശ്യമാണ് അഭിഭാഷകന്‍ മുമ്പാകെ അവര്‍ ഉന്നയിച്ചത്. ഇതേ ബന്ധുവിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ നഷ്ട പരിഹാരം തേടി ഹരജി നല്‍കിയിരിക്കുന്നത്. ലക്ഷ്മണയുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച നടപടി തിടുക്കപ്പെട്ടതും ദുരുദ്ദേശ്യപരവുമാണ്. വയനാട് മേഖലയില്‍ കൊല, കൊള്ള എന്നിവ ഉള്‍പ്പെടെ നടത്തി വന്ന കൊടും കുറ്റവാളിയാണ് വര്‍ഗീസ് എന്ന വാദം നിഷേധിക്കാന്‍ തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരോ വിചാരണ കോടതിയോ കണ്ടെത്തിയിട്ടില്ല. അതിനാല്‍, നഷ്ടപരിഹാരം വേണമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.