X

വരാപ്പുഴയില്‍ ബി.ജെ.പി ഹര്‍ത്താലില്‍ വ്യാപക അക്രമം; പൊലീസ് നോക്കിനില്‍ക്കെ യുവാവിന് കൂര മര്‍ദ്ദനം

കൊച്ചി: വരാപ്പുഴയില്‍ ആര്‍.എസ്.എസിന്റെ വീടുകയറിയുള്ള അക്രമത്തില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പിഞ്ചുകുഞ്ഞിനെ ആസ്പത്രിയില്‍ എത്തിക്കുന്നതിനു പോയ യുവാവിനെ ഹര്‍ത്താലനുകൂലികള്‍ റോഡിലിട്ട് കൂരമായി മര്‍ദിച്ചു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു കൊടികളും ബാനറും പിടിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം.


ഹര്‍ത്താലില്‍ സ്വകാര്യബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ തുടങ്ങിയെങ്കിലും സമരക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസിയും വരാപ്പുഴ ഒഴിവാക്കിയാണു സര്‍വീസ് നടത്തുന്നത്. രാവിലെ നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളടക്കമുള്ളവ തടയുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടയിലാണ് അക്രമമുണ്ടായത്.

ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വരാപ്പുഴ ദേവസ്വംപാടം സേനായ് പറമ്പ് വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത്(26) ആണ് ഇന്നലെ രാത്രി ഏഴുമണിയോടെ മരിച്ചത്. കഠിനമായ വയറുവേദനയും ഛര്‍ദ്ദിയുമായി ഞായറാഴ്ചയാണ് ശ്രീജിത്തിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. വയറിലെ ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനാല്‍ മേജര്‍ ഓപ്പറേഷന് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.
വ്യാഴാഴ്ച അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ.എം വാസുദേവന്റെ ആത്മഹത്യക്കിടയാക്കിയത്. വാസുദേവന്റെ സഹോദരനെ ആര്‍.എസ്്.എസ് ഗുണ്ടകള്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും സംഘര്‍ഷവും വെള്ളിയാഴ്ചയും തുടര്‍ന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ അക്രമികള്‍ വാസുദേവന്റെ വീട്കയറി ആക്രമിക്കുകയും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ തല്ലിത്തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ വാസുദേവനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് വാസുദേവനെ വീടിനോട് ചേര്‍ന്ന ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുദേവന്റെ മരണത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയതോടെ 14 ഓളം പേര്‍ക്കെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തും സഹോദരനുമുള്‍പെടെ പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് പീഡനമാണ് ശ്രീജിത്ത് അവശനിലയിലാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മഫ്ത്തിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നും സ്‌റ്റേഷനില്‍ വെച്ച് വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ലെന്നും ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു. അതേസമയം ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്നും വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് പറഞ്ഞു. നോര്‍ത്ത് പറവൂര്‍ മജിസ്‌ട്രേറ്റ് ആസ്പത്രിയിലെത്തി ശ്രീജിത്തിന്റെയും ഡോക്ടറുടേയും മൊഴിയെടുത്തിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും.
ഭാര്യ: അഖില. മകള്‍: ആര്യനന്ദ, മാതാവ്: ശ്യാമള. സഹോദരങ്ങള്‍: രഞ്ജിത്ത്, സജിത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പറവൂര്‍ പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: