കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാകാന്‍ കോടതി അനുമതി നല്‍കി.
ഇതിനായി ശ്രീജിത്തിന്റെ അമ്മ, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ വിളിപ്പിച്ചിക്കാനാണ് തീരുമാനം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കില്ല.
അതേസമയം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്‌റ്റേഷനിലെ എഎസ്‌ഐ, പൊലീസുകാര്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സ്‌റ്റേഷന്‍ ലോക്കപ്പില്‍ വെച്ച് ആരൊക്കെ, എപ്പോള്‍ മര്‍ദിച്ചു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടിയാണ് ചോദ്യം ചെയ്യല്‍.