മുംബൈ: വീഡിയോ ക്ഷണക്കത്തും ഡ്രോണ്‍ നിരീക്ഷണവുമായി ബി.ജെ.പി നേതാവിന്റെ മകന്റെ ആര്‍ഭാടക്കല്ല്യാണം.
ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാനപ്രസിഡന്റ് റാവു സാഹിബ് ഡാന്‍വേയുടെ മകന്‍ സന്തോഷിന്റെ വിവാഹമാണ് കോടികള്‍ പൊടിച്ച് ആഘോഷിച്ചത്. പ്രശസ്ത മറാഠി സംഗീതജ്ഞന്‍ രാജേഷ് സര്‍കാട്ടേയുടെ മകള്‍ രേണുവാണ് വധു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങളും ഉള്‍പ്പെടെ 30,000 പേര്‍ അതിഥികളായെത്തിയിരുന്നു. ഔറംഗാബാദില്‍ വ്യാഴാഴ്ചയായിരുന്നു സിനിമാ സെറ്റുകളെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയ മണ്ഡപത്തില്‍ വിവാഹം നടന്നത്. പ്രശസ്തരായ കലാസംവിധായകരായിരുന്നു മധ്യകാല രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന മണ്ഡപം ഒരുക്കിയത്.
ഇന്ത്യന്‍ ചൈനീസ് വിഭവങ്ങളടക്കം ഗംഭീരമായ വിരുന്നു തന്നെ വിവാഹത്തിനുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗരത്തിലെ പ്രധാന റോഡ് പൊലീസിന്റെ സഹായത്തോടെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഒപ്പം സംസ്ഥാനം വരള്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ കൃത്രിമ ജലധാരയും.നിരീക്ഷണത്തിനും ആഘോഷ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാനും രംഗത്തുണ്ടായിരുന്നത് ഒന്നാന്തരം ഡ്രോണ്‍ ക്യാമറകള്‍.
വിവാഹം ക്ഷണിക്കാന്‍ റാവുസാഹിബ് അതിഥികള്‍ക്ക് അയച്ചത് ആഢംഭര പൂര്‍ണമായ വീഡിയോ സന്ദേശവും. ‘ലവ് മി എഗെയ്ന്‍’ എന്ന ഗാനത്തിനൊപ്പം ആടിപാടി നടക്കുന്ന വരനും വധുവും ആയിരുന്നു വീഡിയോയില്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിലെ ആഡംബരത്തിന് സമാനമായിരുന്നു സന്തോഷിന്റെയും വിവാഹം. ഡിസംബറില്‍ നടന്ന ഗഡ്കരിയുടെ മകളുടെ വിവാഹത്തിനായി പത്ത് ചാര്‍ട്ടേഡ് ഫ്ളൈറ്റുകളാണ് സജ്ജമാക്കിയിരുന്നത്.
കര്‍ണാടകയിലെ ഖനി വ്യവസായി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹവും ആഡംബരത്താല്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നോട്ടുനിരോധനത്തില്‍ ജനം വലയുന്ന സമയത്ത് 500 കോടി മുടക്കിയായിരുന്നു ഈ വിവാഹം.