X
    Categories: CultureMore

ഫിഫയുടെ പുതിയ പരിഷ്‌കാരം പണി തുടങ്ങി; ചിലിക്ക് നഷ്ടമായത് ഉറച്ച ഗോള്‍, വിവാദം പുകയുന്നു

റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡ്വാഡോ വാര്‍ഗസ് പന്ത് വലയിലാക്കിയെങ്കിലും വി.എ.ആര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു.

അതേസമയം, ലൈന്‍സ്മാന്റെ ഓഫ്‌സൈഡ് തീരുമാനത്തെ തുടര്‍ന്ന് 91-ാം മിനുട്ടില്‍ നിഷേധിക്കപ്പെട്ട ഗോള്‍ വി.എ.ആര്‍ ചിലിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. വി.എ.ആര്‍ സംവിധാനത്തിന്റെ പിഴവായാണ് ഫുട്‌ബോള്‍ ലോകം ഈ സംഭവങ്ങളെ വിലയിരുത്തുന്നത്. 81-ാം മിനുട്ടില്‍ അര്‍തുറോ വിദാലും 91-ാം മിനുട്ടില്‍ എഡ്വാഡോ വാര്‍ഗസും നേടിയ ഗോളുകളില്‍ ചിലി എതിരില്ലാത്ത രണ്ട് ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ അര്‍തുറോ വിദാലിന്റെ പാസ് സ്വീകരിച്ച് മുന്നേറി ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്താണ് എഡ്വാഡോ വാര്‍ഗസ് പന്ത് വലയിലാക്കിയത്. റഫറി ലോങ് വിസില്‍ ഊതിയതിനെ തുടര്‍ന്ന് ചിലി കളിക്കാരും ആരാധകരും സാമാന്യം നന്നായി തന്നെ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ വി.എ.ആറിന്റെ നിര്‍ദേശം തനിക്കു ലഭിച്ചുവെന്നു വ്യക്തമാക്കിയ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.

81-ാം മിനുട്ടില്‍ അലക്‌സി സാഞ്ചസിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് അര്‍തുറോ വിദാല്‍ ലാറ്റിനമേരിക്കന്‍ ടീമിനെ മുന്നിലെത്തിച്ചത്. 91-ാം മിനുട്ടില്‍ വി.എ.ആറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഗോളിലൂടെ വാര്‍ഗസ് പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. സ്വന്തം ഹാഫില്‍ നിന്നുള്ള ഫോര്‍വേഡ് പാസ് സ്വീകരിച്ച് മുന്നേറിയ സാഞ്ചസ് ബോക്‌സില്‍ ഗോളിയെയും വെട്ടിച്ച് ഗോള്‍ ലക്ഷ്യം വെച്ചെങ്കിലും ഗോള്‍ലൈനില്‍ വെച്ച് പന്ത് ക്ലിയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ റീബൗണ്ടില്‍ നിന്ന് പന്ത് സ്വന്തമാക്കിയ വാര്‍ഗസ് അനായാസം വലയിലാക്കി.

വാര്‍ഗസ് ഓഫ്‌സൈഡിലാണെന്ന് അസിസ്റ്റന്റ് റഫറി കൊടിയുയര്‍ത്തിയെങ്കിലും വി.എ.ആറില്‍ ഗോള്‍ നിലനില്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം ഹാഫില്‍ നിന്നുള്ള പാസ് സ്വീകരിക്കുമ്പോള്‍ സാഞ്ചസിന്റെ ശരീരഭാഗം ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ബോക്‌സില്‍ വാര്‍ഗസ് ഓഫ്‌സൈഡ് ആയിരുന്നോ എന്നതു മാത്രമാണ് വി.എ.ആര്‍ പരിശോധിച്ചത് എന്നായിരുന്നു ഇതേപ്പറ്റി ഫിഫ മാച്ച് കമ്മീഷണറും നിയമവിദഗ്ധനുമായ ജോ. ജോ മാച്ച്‌നിക്കിന്റെ വിശദീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: