കോഴിക്കോട്: കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയുടെ ഓഹരിയിടിയുമ്പോള്‍ അതു പരിഹരിക്കാന്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന പാചകവാതക വിലക്കൊളള പിന്‍വലിക്കണമെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആവശ്യപ്പെട്ടു. കോവിഡ് സൃഷ്ടിച്ച പ്രഹരത്തില്‍ നിന്നും മുക്തി നേടും മുമ്പേ തുടര്‍ച്ചയായി പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ച് കുടുംബ ബജറ്റ് താളം തെറ്റിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതില്‍ ഒരു ന്യയവുമില്ല.
ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 ഉം വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ അത്തരം സിലിണ്ടറുകള്‍ക്ക് 2124 രൂപയായി. നേരത്തെയുണ്ടായ ഇന്ധന പാചക വാതക വിലക്കയറ്റം കാരണം ഹോട്ടലും, പൊതു ഗതാഗതവും ഉള്‍പ്പെടെ സര്‍വ്വത്ര മേഖലയും വില വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമര മുഖത്തുള്ളപ്പോള്‍ തന്നെ വീണ്ടുമൊരു വില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോര്‍പ്പറേറ്റു ഭീമന്‍മാരോട് മാത്രം കടപ്പെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തളളവിടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. ഇക്കാര്യത്തില്‍ വനിതകളും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും വനിതാലീഗ് നേതാക്കള്‍ പറഞ്ഞു.