X

വനിതാ മതില്‍: പഞ്ചായത്ത് പ്രസിഡണ്ടുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ

സ്വന്തം ലേഖകന്‍
കണ്ണൂര്‍: വനിതാ മതില്‍ പ്രചാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാനും സമ്മര്‍ദ്ധം. യുഡിഎഫ് ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ. വിയോജിപ്പ് അറിയിച്ച് ജനപ്രതിനിധികള്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുറമെ പ്രാദേശിക സിപിഎം നേതൃത്വമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ജീവനക്കാരെയും നിര്‍ബന്ധിച്ച് വനിതാ മതില്‍ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തന്ത്രപരമായി പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് സിപിഎം ശ്രമം.
ചിലയിടത്ത് സിപിഎം അനുകൂല സംഘടനകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരെയും ഭാഗഭാക്കാക്കിയാണ് സംഘാടക സമിതി രൂപീകരിക്കുന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ യുഡിഎഫ് അനുകൂല ജീവനക്കാരെ നിര്‍ബന്ധിച്ചാണ് യോഗത്തില്‍ പങ്കെടുപ്പിച്ച് സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്. വിട്ടുനില്‍ക്കുന്ന ജീവനക്കാരെ തന്ത്രപരമായും യോഗങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്.
പഞ്ചായത്ത് സെക്രട്ടറിമാരെ പ്രധാന സ്ഥാനങ്ങളില്‍ നിറുത്തിയും സംഘാടക സമിതി രൂപീകരിക്കുന്നുണ്ട്. വിവാദം ഭയന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ അയല്‍ക്കൂട്ടങ്ങളോട് സംഘാടക സമിതി രൂപീകരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെങ്കിലും പാര്‍ട്ടി തല സമ്മര്‍ദ്ധത്തിലാണ് പലയിടത്തും സംഘാടക സമിതി രൂപീകരിച്ചത്. നിലവില്‍ പാര്‍ട്ടിക്ക് ചെലവില്ലാത്ത രീതിയില്‍ പഞ്ചായത്ത് ഓഡിറ്റോറിയങ്ങളും ഹാളുകളുമാണ് സംഘാടക സമിതി യോഗം ചേരാന്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവരെ അവരരറിയാതെ സംഘാടക സമിതികളില്‍ പ്രധാന സ്ഥാനം നല്‍കിയത് വിവാദമായതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റുമാരേയും അവരറിയാതെ സംഘാടക സമിതിയുടെ ഭാഗമാക്കുന്നത്. ഇതിനെതിരെ പലയിടത്തും വിയോജിപ്പ് അറിയിച്ചവരുണ്ട്. വനിതാ മതിലിന് വന്‍ പ്രചാരം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മും പിന്നണിയില്‍ കളിക്കുന്നത്.

chandrika: