ന്യൂഡല്‍ഹി: മുത്വലാഖ് ബില്ല് പാസ്സാക്കരുതെന്നാവശ്യമുന്നയിച്ച് വനിതാലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതായി. മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ദില്ലിയിലെ ജന്തര്‍മന്തര്‍ റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലീസ് തടഞ്ഞു.
മുത്വലാഖ് ബില്ല് രാജ്യസഭാ സെലക്ട് കമ്മറ്റിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന ബില്ലിനെ പറ്റി ന്യൂപക്ഷ വിഭാഗങ്ങളുമായി കൂടിയാലോചന നടത്താന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് എന്തു കൊണ്ടാണന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ പാര്‍ട്ടി എതിര്‍ക്കുകയാണന്നും അത് തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നിലവിലുള്ള രൂപത്തില്‍ ബില്ല് അനുവദിക്കാനാവില്ല. ബില്ല് ഇപ്പോഴത്തെ രൂപത്തില്‍ പാസ്സാക്കരുതെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ അനുകൂല നീക്കങ്ങള്‍ക്കും ഒപ്പം മുസ്ലിം ലീഗും ഉണ്ടാവും. എന്നാല്‍, ഈ ബില്ല് സ്ത്രീകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതല്ല. ഇതിലെ വ്യവസ്ഥകള്‍ ഇരകളെ ഒന്നുകൂടി കഷ്ടപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നും രാജ്യസഭയില്‍ ഭരണകക്ഷിക്ക് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മാത്രമാണ് പാസ്സാക്കാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുത്വലാഖ് കേസില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനോട് പോലും ആലോചിക്കാതെ തയ്യാറാക്കിയ ബില്ല് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത് സുപ്രിംകോടതിയുടെ സമ്പൂര്‍ണ ബെഞ്ചല്ല. ഭരണഘടനാബെഞ്ച് വ്യത്യസ്ത അഭിപ്രായമാണ് കേസില്‍ നടത്തിയത്. ബെഞ്ചിലെ ഭൂരിപക്ഷ ജഡ്ജിമാര്‍ മുത്വലാഖ് അസാധുവാക്കിയെങ്കിലും മറ്റു രണ്ടുജഡ്ജിമാര്‍ മുത്വലാഖ് സാധുവാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ മുത്വലാഖ് സംവിധാനത്തെ ഒരിക്കലും ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല. മുത്വലാഖ് ക്രിമിനല്‍വല്‍കരിച്ചത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ഈ വിഷയത്തില്‍ വനിതാ ലീഗ് നടത്തുന്ന എല്ലാ പ്രതിഷേധപരിപാടികള്‍ക്കും ആര്‍.എസ്.പിയുടെ പിന്തുണ ഉണ്ടാവുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മുത്വലാഖ് അല്ലെന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് മദ്യപാനവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്. യാതൊരുനടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി മുത്വലാഖിനെ ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. വളരെ ചെറിയൊരു വിഭാഗം മുസ്ലിംസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ആശങ്കയെന്നും വഹാബ് പരിഹസിച്ചു. മുസ്ലിംകളുടെ ആചാരങ്ങളെ തെറ്റദ്ധരിപ്പച്ച് അവമതിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് ബി.ജെ.പി എന്നല്ല അതിലും വലിയവര്‍ ശ്രമിച്ചാലും സാധ്യമല്ലന്ന് അദ്ദേഹം പറഞ്ഞു. വനിതാലീഗ് ദേശീയ പ്രസിഡന്റ് തഷരിഫ് ജഹാന്‍, ദേശീയ ജനറല്‍ സിക്രട്ടറി അഡ്വ. നൂര്‍ബിനാ റശീദ്, അഡ്വ. ജയന്തി രാജന്‍, കെ.പി മറിയുമ്മ, ഖദീജ പി, കുല്‍സു ടീച്ചര്‍, ഷസ്മിനാസ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമദ് സാജു, ദില്ലി കെ.എം.സി.സി സിക്രട്ടറി മുഹമ്മദ് ഹലീം എന്നിവരും സംസാരിച്ചു.