തിരൂരങ്ങാടി: മൂകത തളം കെട്ടി നില്‍ക്കുന്ന ഫൈസലിന്റെ വീട്ടിനകത്ത് നിന്ന് സലാം ചൊല്ലി ഓടിവന്ന ആ കുരുന്നു പൈതല്‍ എല്ലാവരുടെയും കണ്ണുനനയിച്ചു. ഫൈസലിന്റെ ഇളയ മകള്‍ ഫാത്തിമ ഫര്‍സാന കൊഞ്ചിച്ചിരിച്ച് കൊണ്ടാണ് പൂമുഖത്തേക്കോടിയെത്തിയത്. സന്ദര്‍ശനത്തിനെത്തിയ വനിതാ ലീഗ് നേതാക്കള്‍ക്ക് എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം സലാം ചൊല്ലി കൈകൊടുത്ത് നേരെ നേതാക്കളുടെ മടിയിലേക്ക് ചാടിയിരുന്നു. പിന്നെ കളിയും ചിരിയുമായി കുറേ നേരം.
പിതാവിന്റെ വേര്‍പാടില്‍ അനുശോചിക്കാനും പ്രാര്‍ത്ഥിക്കാനുമാണ് ദിനം പ്രതി ഇത്രയധികമാളുകള്‍ ഈ വീട്ടിലെത്തുന്നതെന്ന് ആ കുരുന്നുകളറിയുന്നില്ല. തന്റെ ഉപ്പച്ചി സ്വര്‍ഗത്തിലാണെന്നും മറ്റും പറഞ്ഞ് വല്ല്യുമ്മയെ നേതാക്കള്‍ ആശ്വസിപ്പിക്കുമ്പോഴും നിറകണ്ണുകളോടെ ആ അമ്മ, അവരോട് മകനു വേണ്ടി ദുആ ചെയ്യാനും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനുള്ള ആഗ്രഹവും പറയുമ്പോഴും ഫാത്തിമ മടിയിലിരുന്ന് കളിയും ചിരിയുമായിരുന്നു.
ഒടുവില്‍, യാത്ര പറഞ്ഞിരങ്ങുമ്പോള്‍ ഫാത്തിമ എല്ലാവരുടെയും കണ്ണു നിറയിച്ചു. എപ്പോഴാ ഉപ്പച്ചി പള്ളിയില്‍ നിന്ന് വരിക എന്ന അവളുടെ നിഷ്‌കളങ്കമായ ചോദ്യത്തിനു മുന്നില്‍ എല്ലാവരും കരഞ്ഞു പോയി. ഫൈസലിന്റെ മറ്റു മക്കളായ ഫഹദും ഫായിസും നേതാക്കളുടെ ലാളന ഏറ്റുവാങ്ങി. ഇവര്‍ക്ക് വേണ്ടി മിഠായിയും അരി ഉള്‍പ്പെടെയുള്ള വീട്ടു സാധനങ്ങളുമായാണ് വനിതാ ലീഗ് നേതാക്കള്‍ ഫൈസലിന്റെ ഭാര്യയെയും കുട്ടികളെയും സന്ദര്‍ശിച്ചത്. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി സല്‍മ ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി മറിയുമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍, മറ്റു വനിതാ ലീഗ് ഭാരവാഹികളായ ടി.വി സുലൈഖ ബീവി, വാക്കിയത്ത് റംല, സി.പി ജമീല അബൂബക്കര്‍, സറീന ഹസീബ്, മാളുമ്മ, ഹാജറുമ്മ ടീച്ചര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.