X

സ്‌കൂളിലെ ഗുരുവന്ദനം: നടപടി വേണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിത ലീഗ്. ഇതുസംബന്ധിച്ച് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമീഷന് നല്‍കിയ പരാതി നല്‍കി.

വിദ്യാര്‍ഥികളെ ഏതെങ്കിലും മതത്തിന്റേയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണ്. കരിക്കുലത്തിന്റെ ഭാഗമായ പാഠ്യപാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ഗുരുത കുറ്റകൃത്യം നടന്നിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും കേരളീയ സമൂഹത്തെ വെല്ലുവിളിക്കുകയാണ്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വിദ്യാലയങ്ങളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ ബാലാവകാശ കമീഷന്‍ അടിയന്തരമായി ഇടപെട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൂര്‍ബിന റഷീദ് ആവശ്യപ്പെട്ടു.

അതേസമയം, ചേര്‍പ്പ് സി.എന്‍ എന്‍ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘ഗുരുപൂര്‍ണിമ’ എന്ന പേരില്‍ പരിപാടി നടത്തിയത്. വേദവ്യാസ ജയന്തി വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്. സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്.

അധ്യാപകരുടെ പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നിര്‍ബന്ധിത പാദപൂജയുടെ വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

chandrika: