X

രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വാണി വിശ്വനാഥ്; പ്രമുഖനടിക്കെതിരെ മത്സരിക്കില്ല

മലയാളം സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍രംഗങ്ങളില്‍ നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്.

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തെലുങ്ക് രാഷ്ട്രീയത്തിലായിരിക്കുമെന്ന് വാണിവിശ്വനാഥ് പറഞ്ഞു. തനിക്ക് ഏറെ പ്രിയപ്പെട്ട പാര്‍ട്ടി തെലുങ്ക് ദേശംപാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ടി.ഡി.പിയിലായിരിക്കും ഇറങ്ങുകയെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. താനേറെ ബഹുമാനിക്കുന്ന നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച്ച അടുത്ത് തന്നെ നടക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ കുടുംബത്തിന്റെ പിന്തുണയുണ്ട്. തെലുങ്ക് ജനതയും ഒപ്പമുണ്ടാവുമെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ നടി റോജക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാണിവിശ്വനാഥ് പറഞ്ഞു. നടന്‍ ബാബുരാജിന്റെ ഭാര്യയാണ് വാണിവിശ്വനാഥ്. ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വാണി. നിലവില്‍ തമിഴ്‌നാട്ടിലാണ് താരദമ്പതികള്‍ താമസിക്കുന്നത്.

chandrika: