അഹമ്മദ്കുട്ടി ഉണ്ണികുളം
കേരളത്തില്‍ മുസ്‌ലിംലീഗ്, എസ്.ടി.യു പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാധാരണ പ്രവര്‍ത്തകനായും നേതാവായും പ്രവര്‍ത്തിച്ച വ്യക്തിയെയാണ് വണ്ടൂര്‍ ഹൈദരലിയുടെ നിര്യാണത്തോടെ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്. മുസ്‌ലിം ലീഗ് വണ്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി മുപ്പത്തിയഞ്ചു വര്‍ഷക്കാലം സേവനം ചെയ്ത അദ്ദേഹം 1946 ല്‍ സമപ്രായക്കാരായ കുട്ടികളെ സംഘടിപ്പിച്ച് ബാല ലീഗ് രൂപീകരിച്ച് കുട്ടിക്കാലത്തു തന്നെ തന്റെ സംഘാടക മികവ് പ്രകടിപ്പിച്ചിരുന്നു. പതിനേഴര വര്‍ഷം വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായും ഏഴരവര്‍ഷക്കാലം പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
1954ല്‍ കോഴിക്കോട്ട് നടന്ന മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തില്‍ ഏറനാടിന്റെ പ്രതിനിധി, 1956 ല്‍ കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് രൂപീകരണത്തിടനുബന്ധിച്ച് എറണാകുളത്തു നടന്ന സമ്മേളനത്തിലെ സാനിധ്യം, ആലപ്പുഴ മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ വളണ്ടിയര്‍ എന്നിങ്ങനെ 1950 ല്‍ ആരംഭിച്ച പാര്‍ട്ടി പ്രവര്‍ത്തനത്തിന് രോഗം കലശലാവുന്നത് വരെ വിശ്രമമുണ്ടായിരുന്നില്ല. കൈരളി ബീഡി ഡയരക്ടര്‍, കേരള റൂറല്‍ എംപ്ലോയ്‌മെന്റ് വെല്‍ഫയര്‍ ഫണ്ട് സൊസൈറ്റി ചെയര്‍മാന്‍, കാപ്പസ് ഡയരക്ടര്‍, ബീഡി സിഗാര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കോണ്‍ട്രാക്ട് ലേബേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഒട്ടറെ പദവികള്‍ അലങ്കരിച്ചു.
ടിന്‍ഷീറ്റില്‍ നിര്‍മിക്കുന്ന മെഗാഫോണില്‍ പാര്‍ട്ടിക്കുവേണ്ടി മുഴക്കിയ ശബ്ദം രോഗക്കിടക്കയിലാവുന്നതുവരെ മുഴങ്ങിക്കേട്ടു. 1956 മുതല്‍ എസ്.ടിയു രംഗത്തുള്ള അദ്ദഹം ബീഡിത്തൊഴിലാളിയായാണ് സംഘാടക രംഗത്തേക്കിറങ്ങുന്നത്. ഏറനാട് താലൂക്ക് ബീഡിത്തൊഴിലാളി നേതാവില്‍നിന്നും പിന്നീട് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി പദവിയിലെത്തി. 1962 ല്‍ വലിയങ്ങാടി കൈവണ്ടി തൊഴിലാളി സമരകാലത്ത് കോഴിക്കോട് ലീഗ് ഓഫീസില്‍ ക്യാമ്പ് ചെയ്ത് സമരത്തിന് നേതൃത്വം നല്‍കി. 2006 എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2011 ല്‍ സംസ്ഥാന ട്രഷററും 2013ലും 17ലും വീണ്ടും സംസ്ഥാന ഉപാധ്യക്ഷ പദവിയും അലങ്കരിച്ചു. 1972 ല്‍ മലപ്പുറം ജില്ലാ അധ്യക്ഷ പദത്തിലെത്തി. തോട്ടം തൊഴിലാളി ഫെഡറേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഫലമായി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ഉടമകളോട് നിരന്തരം സന്ധിസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. കെ.എം സീതീ സാഹിബിനെ മാതൃകാ പുരുഷനായി കണ്ടിരുന്ന അദ്ദേഹം സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ഇഴകിച്ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രിയങ്കരനായിരുന്ന പരേതന്‍ മദ്രാസ് അസംബ്ലി തിരഞ്ഞെടുപ്പ് കാലത്ത്, അന്തരിച്ച കൊയപ്പത്തൊടി അയമ്മദ്കുട്ട് ഹാജിക്ക് പകരം ഹസന്‍കുട്ടി കുരിക്കള്‍ മത്സരിച്ചപ്പോള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. 1980 ല്‍ കോഴിക്കോട്ടും 86ല്‍ തൃശൂരിലും പിന്നീട് പാലക്കാട്ടും നടന്ന എസ്.ടിയു സംസ്ഥാന സമ്മേളനങ്ങളുടെ വിജയത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവുമുണ്ടായിരുന്നു. എസ്.ടി.യു സമ്മേളനങ്ങളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്ന പരേതന്‍ സംഘടനയുടെ സമ്മേളനങ്ങളും ക്യാമ്പുകളും എവിടെ നടന്നാലും ആദ്യാവസാനം സജീവസാനിധ്യമായിരുന്നു. സന്തത സഹചാരിയായിരുന്ന മമ്പാട് അബ്ദുറഹിമാന്‍ മാസ്റ്ററുടെയും തന്റെ നിഴലായിരുന്ന ഭാര്യയുടെയും വിയോഗം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വിവിധ സമ്മേളനങ്ങളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനായത് ഈ വിനീതന് ഇന്നും അവിസ്മരണീയ ഓര്‍മകളാണ്. 70 കളുടെ അവസാനം മുതല്‍ക്കുള്ള ബന്ധം വഴി വലിയ മാര്‍ഗ നിര്‍ദേശമാണ് തൊഴിലാളികളുടെ സംഘശക്തിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നത്.
മുസ്‌ലിം ലീഗിനും എസ്.ടി.യുവിനും പാമ്പര്യ കണ്ണിയിലെ ഒരു അതികായനെ കൂടി നഷ്ടമായിരിക്കുകയാണ്. സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പ്രതിരൂപമായിരുന്ന ഈ മഹാമനുഷ്യന്‍ വണ്ടൂരിലെ റോഡരികിലുള്ള ആ കൊച്ചുവീടാണ് സാമൂഹ്യ, സാസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുവേദിയാക്കി മാറ്റിയിരുന്നത്. ഏറനാടിനെയും വെള്ളുവനാടിനെയും സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാക്കിയ പേരുകളില്‍ പ്രഥമഗണനീയമാണ് വണ്ടൂര്‍ ഹൈദരലി എന്ന നാമം.