രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി ശ്രീ. അശ്വനി വൈഷ്ണവ് പറഞ്ഞു . രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സർവീസുകളാണ് നടപ്പാക്കുന്നത്. ചെയർ കാർ സർവീസ്, സ്ലീപ്പർ സർവീസ്, വന്ദേ ഭാരത് മെട്രോ സർവീസ്. ഇതിൽ കുറഞ്ഞ ദൂരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ വന്ദേ ഭാരത് മെട്രൊ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇതിന്റെ രൂപകല്പനയും നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരി ക്കുകയായിരുന്നു റെയിൽവേ മന്ത്രി . സംസ്ഥാനത്തെ 34 റെയിൽവെ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്നും ശ്രീ. അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
നേമം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പാളങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളും ടെർമിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ, നേമം, പേട്ട, കൊച്ചുവേളി എന്നീ സ്റ്റേഷനുകൾ കേരളത്തിന്റെ പൈതൃകം നിലനിർത്തി നവീകരിക്കുന്നതിനുള്ള രൂപകല്പനയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാരിസ്ഥിതികവും സാങ്കേതികപരമായ തടസ്സങ്ങൾ പരിഹരിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയിൽ തീരുമാനം കൈക്കൊള്ളാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി . സംസ്ഥാന ഗവൺമെന്റുമായി കൂടിയാലോചിച്ച ശേഷമേ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.