വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചു നിന്നാൽ സമരപരിപാടികൾ സംഘടിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ റെയിൽവേക്ക് കത്തയച്ചു.ട്രെയിൻ പ്രഖ്യാപിച്ച ദിവസം തന്നെ റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും അയച്ച കത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ മന്ത്രാലയത്തിൽ നിന്നോ അധികൃതരിൽ നിന്നോ യാതൊരുവിധ മറുപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് എംപി വീണ്ടും കത്തയച്ചത്.
ദക്ഷിണേന്ത്യയിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഇതിനാൽ ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിച്ചു നിന്നാൽ ട്രെയിൻ തടയൽ ഉൾപ്പെടെ സമരവുമായി മുന്നോട്ടു പോകുമെന്ന് എംപി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.