X
    Categories: indiaNews

വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്ന സംഭവം: കന്നുകാലി ഉടമകള്‍ക്കെതിരെ കേസ്

കന്നുകാലികളെ ഇടിച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്ന സംഭവത്തില്‍ ഉടമകള്‍ക്കെതിരെ കേസെടുത്തു.കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കന്നുകാലികൂട്ടവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.ഗുജറാത്തിലെ മണിനഗര്‍ വട്‌വ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാവിലെ 11.20ഓടെയായിരുന്നു സംഭവം. ട്രെയിന്‍ എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്ന ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. റെയില്‍വേ പാളത്തിലുണ്ടായിരുന്ന കന്നുകാലി കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. നാല് പോത്തുകള്‍ അപകടത്തില്‍ ചത്തതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അപകടത്തിന് പിന്നാലെ കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. സെപ്തംബര്‍ 30നാണ് ഗാന്ധിനഗര്‍- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍.

ഈ റൂട്ടിലുള്ള ട്രെയിനുകളില്‍ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച് സാങ്കേതിക വിദ്യ. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്‌ലെറ്റുകള്‍ ഘടിപ്പിച്ച ആദ്യ തീവണ്ടിയെന്ന പ്രത്യേകതയും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ട്. 16 കോച്ചുകളാണ് ഇതിലുള്ളത്.

Test User: